ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം
തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതി നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിയപ്പോഴാണ് 2024 ഒക്ടോബറിലെ കാലാവധി തീർന്ന ഗുളികയുടെ സ്ട്രിപ്പ് ലഭിച്ചതെന്ന് ബാബു ആരോപിച്ചു.
പരാതി ഉയർന്നതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ)ക്ക് ഔദ്യോഗിക പരാതി നൽകുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സീമ, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയപ്പോൾ, ഗുളികകളുടെ കാലാവധി കഴിഞ്ഞാൽ ഉടൻ മാറ്റിവെക്കുക പതിവാണെന്നും സംഭവസമയത്ത് ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.
ഗവ. ഹോമിയോ ഡിസ്പെൻസറി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് എന്നും പരാതിയെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്നും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ വ്യക്തമാക്കി.