ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി
മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരികക്കൂട്ടായ്മയും മുക്കം മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ചേർന്ന് സംഘടിപ്പിച്ച നെഹ്റു അനുസ്മരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“ലോകരാഷ്ട്രങ്ങൾക്കിടയിൽ അധിനിവേശത്തെയും വംശഹത്യയെയുമെല്ലാം എതിർക്കാൻ ശക്തരായ നേതാക്കളുടെ അഭാവം പ്രകടമാകുന്നു. നെഹ്റുവിന്റെ നേതൃപാടവം എന്നത് ലോകരാഷ്ട്രീയത്തിൽ സുതാര്യതയും നീതിയും കൊണ്ടുവരികയായിരുന്നുവെന്നും ശീതയുദ്ധകാലത്ത് പക്ഷംചേരാതിരുന്ന നെഹ്റുവിന്റെ നയപരമായ നിലപാട് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശനയത്തിൽ ഈ ധീരതയുടെയും നീതിയുടെയും അഭാവം പ്രകടമാണെന്നും, ഇസ്രയേലിന്റെയും മ്യാൻമാറിലെയും നടപടികളെ ചോദ്യം ചെയ്യാൻ ഈ സർക്കാറിന് താത്പര്യമില്ലെന്നും കാരശ്ശേരി വിമർശിച്ചു.
പരിപാടി വി. അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ, ഉമശ്രീ കിഴക്കുംപാട്ട്, മുക്കം വിജയൻ, ജി. അബ്ദുൽ അക്ബർ, ഷാജഹാൻ തിരുവമ്പാടി, എൻ.കെ. മുഹമ്മദ് സലീം, ഹർഷൽ പറമ്പിൽ എന്നിവർ പങ്കെടുത്തു.