അമിതഭാരമുള്ള ടിപ്പർലോറി സർവീസുകൾ: നാട്ടുകാർ പ്രതിഷേധത്തിൽ
ഓമശ്ശേരി: മുടൂർ ചമോറ റോഡിലെ കെട്ടുങ്ങലിലെ സ്വകാര്യ ക്രഷറിലേക്ക് അമിതഭാരമുള്ള ടിപ്പർലോറികൾ അനധികൃതമായി സർവീസ് നടത്തുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിച്ചു.
വീതികുറഞ്ഞ ഗ്രാമീണപാതകളിലൂടെ കൂറ്റൻ ടോറസ് ലോറികൾ അമിതഭാരവുമായി സർവീസ് തുടരുന്നതിനെത്തുടർന്ന് പല ഭാഗങ്ങളിലും റോഡ് പൂർണമായി തകർന്നതായും സമീപവാസികൾക്ക് യാത്രയ്ക്കും മറ്റ് ദിനചര്യകൾക്കും തടസ്സമുണ്ടായതായും നാട്ടുകാർ ആരോപിച്ചു. സ്കൂൾസമയത്തും അർധരാത്രിയിലും ലോറികൾ സർവീസ് നടത്തുന്നത് അസഹനീയമാണെന്നും ക്രഷർ ഉടമസ്ഥരുടെ ഭാഗത്ത് നിന്ന് പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നടപടിയൊന്നും കാണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ ഉയർത്തിയവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായും നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമാക്കുന്നതിനായി സർവകക്ഷി യോഗം വിളിച്ചുചേർന്നു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു.
എം. ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി. ഷാജി, എം. സത്യപാലൻ, ടി.പി. അബുഹാജി, പി.പി. ഹുസൈൻ, ഒ.കെ. അഹമ്മദ് കുട്ടി, ഒ.കെ. വിനോദ് കുമാർ, അനീഷ് കുമാർ, കെ.സി. ശ്രീവത്സൻ, മുഹമ്മദ് റാഫി, ആനന്ദകൃഷ്ണൻ, ഉഷ ദേവി എന്നിവർ സംസാരിച്ചു.