മാനാംകുന്ന് മഹാദേവക്ഷേത്രത്തിൽ ആറാട്ടാരവം ആരംഭിക്കുന്നു

ഓമശ്ശേരി: കൂടത്തായി മൈക്കാവ് മാനാംകുന്ന് മഹാദേവക്ഷേത്രത്തിലെ പ്രശസ്ത ആറാട്ടുത്സവം ഡിസംബർ 2 മുതൽ 8 വരെ വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. മലയോര മേഖലയിൽ പ്രമുഖമായി കണക്കാക്കപ്പെടുന്ന ഈ ഉത്സവം ഭക്തർക്ക് ആത്മീയാനുഭവമായി മാറും.
ആറാട്ടുത്സവത്തിന്റെ മുന്നോടിയായി നടന്ന സർവൈശ്വര്യപൂജയ്ക്ക് കോഴിക്കോട് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യകാർമികനായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പേനക്കാവ് ഭഗവതിക്ഷേത്രത്തിൽനിന്ന് ആരംഭിച്ച കാഴ്ചവരവ് മാനാംകുന്ന് മഹാദേവക്ഷേത്രത്തിലെത്തിയാണ് സമാപിക്കുക.
വൈകുന്നേരം 6.30-ന് നടക്കുന്ന സാംസ്കാരികസമ്മേളനം കോഴിക്കോട് എം.വി.ആർ. കാൻസർ സെന്ററിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച (ഡിസംബർ 3) രാവിലെ 11 മണിക്ക് വലിയവട്ടളം മഹാഗുരുതിയും വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും നടക്കും. അയ്യപ്പൻകാവ് ഭഗവതിക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയും രാത്രി 8 മണിക്ക് തൃക്കൊടിയേടും ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഉത്സവ ദിനങ്ങളിൽ തിരുവരങ്ങ്, കലാസന്ധ്യ, പ്രസാദ ഊട്ട്, വിശേഷാൽ വഴിപാടുകൾ, മെഡിക്കൽ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.