മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണി; ‘മുട്ടായി ജൈസൽ’ എം.ഡി.എം.എയുമായി പിടിയിൽ
ഓമശ്ശേരി: മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ 63 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ഓമശ്ശേരിയിൽ പിടിയിൽ.കൊടുവള്ളി പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സലിനെ (മുട്ടായി ജൈസൽ-32) കോഴിക്കോട് റൂറൽ എസ്.പി പി. നിധിൻരാജിന്റെ കീഴിലുള്ള സംഘമാണ് പിടികൂടിയത്.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഓമശ്ശേരി റോയൽ ഡ്വല്ലിങ് ടൂറിസ്റ്റ് ഹോമിൽനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.മൂന്ന് വർഷത്തോളമായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രധാന മയക്കുമരുന്ന് വിൽപനക്കാരനാണ് ഇയാൾ.ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ ജില്ലയിലെ മൊത്ത വിതരണക്കാർക്ക് എത്തിക്കുന്നത് ജയ്സലാണ്. ആദ്യമായാണ് പൊലീസിന്റെ പിടിയിലാവുന്നത്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷ് എന്നിവരുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു,
ബിജു പൂക്കോട്ട്, ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, ഇ.കെ. മുനീർ, എൻ.എം. ഷാഫി, ടി.കെ. ശോഭിത്ത്, ബേബി മാത്യു, ടി.കെ. രാജേഷ്, എം.കെ. ലിയ, എ.കെ. രതീഷ്, എൻ.നവാസ്, എം.കെ. ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.