വാർഡ് വിഭജന തർക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവെച്ചു
തിരുവമ്പാടി: ഇടതുമുന്നണി ഭരിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മും ആർജെഡിയും തമ്മിലുള്ള തർക്കവും അസ്വാരസ്യവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറയുടെ രാജിയിലേക്ക് എത്തി. 11-ാം വാർഡ് പ്രതിനിധിയായ ജോസ് തോമസ്, അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
“മുന്നണിയുടെ ഭാഗമായി വാർഡ്മെമ്പറായി തുടരുമെങ്കിലും പരിഷ്കാരങ്ങൾ ആവിഷ്കരിക്കാത്ത വാർഡ് വിഭജനം അംഗീകരിക്കാൻ കഴിയില്ല,” ജോസ് തോമസ് വ്യക്തമാക്കി.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണി ശനിയാഴ്ച ചേർത്ത യോഗം ആർജെഡി ബഹിഷ്കരിച്ചതായി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോസഫ് കൊറ്റനാൽ പറഞ്ഞു. ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയം ഡിസംബർ 3 വരെ നീട്ടിയിട്ടുണ്ടെങ്കിലും പ്രശ്നപരിഹാരം അസാധ്യമായ നിലയിലാണ്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് ഏഴു സിപിഎം അംഗങ്ങളും ഒരു കേരള കോൺഗ്രസ് (എം) അംഗവും അടക്കം ഒൻപത് പേരുള്ള സാഹചര്യത്തിലാണ് ഈ രാഷ്ട്രീയ പ്രതിസന്ധി