തിരുവമ്പാടി പഞ്ചായത്തിലെ കേരളോത്സവം അട്ടിമറിച്ച യു ഡി എഫ് ഭരണസമിതിക്കെതിരെ ഡി വൈ എഫ് ഐയുടെ പ്രതിഷേധ ആഹ്വാനം

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കേരളോത്സവ പരിപാടികൾ അട്ടിമറിച്ച യുഡിഎഫ് ഭരണസമിതിക്കെതിരെ ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായ ഒരു പ്രവർത്തനവും നടത്താതെ, ക്രിക്കറ്റ് മത്സരത്തിന്റെ പേരിൽ നാടകീയമായി ഫോട്ടോഷൂട്ട് നടത്തി പരിപാടി അവസാനിപ്പിച്ച സംഭവത്തിലാണ് ഡി വൈ എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡന്റ്, ഏഴാം വാർഡ് മെമ്പർ, മറ്റുചിലർ ചേർന്ന് പുന്നക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് വിഷയത്തിന് തുടക്കമായത്. സാധാരണ സൺഡേ ബാച്ചിന്റെ ക്രിക്കറ്റ് മത്സരം നടക്കവെയാണ് ഇവർ എത്തിയത്. കളിക്കാരെ കൂട്ടിച്ചേർത്ത് ഒരു ഫോട്ടോ എടുത്ത ശേഷം യാതൊരു വിശദീകരണവും നൽകാതെ മടങ്ങി പോയ ഇവരുടെ നടപടി സംശയത്തിനിടയാക്കി.
പിന്നീടാണ് കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരമാണ് കഴിഞ്ഞതെന്ന് നാട്ടുകാർക്ക് മനസ്സിലായത്. യുവജനങ്ങളെ മുഴുവൻ ഒഴിവാക്കി നടത്തപ്പെട്ട ഈ നടപടിയെ ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി യുവജനങ്ങളോടുള്ള വെല്ലുവിളിയെന്ന നിലയിൽ ആരോപിച്ചു.
പഞ്ചായത്തിലെ മുഴുവൻ യുവജനങ്ങളെയും ഉൾപ്പെടുത്തി കേരളോത്സവം വിപുലമായി നടത്തണമെന്ന് ആവശ്യപ്പെട്ട ഡി വൈ എഫ് ഐ , അതിന് കഴിയാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി.