ഖത്തറിൽ ആദ്യ കാമ്പസ് ലീഗ് ഫുട്ബോൾ: മുക്കം എം.എ.എം.ഒ അലുംനി ചാമ്പ്യന്മാർ

മുക്കം : ഖത്തർ സ്റ്റാർസ് ലീഗിന്റെ (ക്യു എസ് എൽ ) മുഖ്യ സഹായത്തോടെ മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ കാമ്പസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ മുക്കം എം.എ.എം.ഒ അലുംനി കിരീടം സ്വന്തമാക്കി. ഫൈനലിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുക്കം എം.എ.എം.ഒ അലുംനി ടീം പരാജയപ്പെടുത്തിയത്.
ഖത്തറിലെ പന്ത്രണ്ടു കോളേജ് അലുംനികളുടെ മികച്ച ടീമുകൾ മാറ്റുരച്ച മേള, നാട്ടിലെ സെവൻസ് ഫുട്ബോളിന്റെ ആവേശത്തെ പുനരാവിഷ്ക്കരിച്ച മത്സരമായി മാറി.
വിജയികൾക്കുള്ള ട്രോഫികൾ ഖത്തർ സ്റ്റാർസ് ലീഗിന്റെ കമ്മ്യൂണിറ്റി റിലേഷൻ തലവൻ നാസർ മുബാറക് അൽ കുവാരി സമ്മാനിച്ചു. ടൂർണമെന്റിന്റെ ഭാവി വിജയങ്ങൾക്കായി എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ടൂർണമെന്റ് വിജയകരമാക്കാൻ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാനും സംഘാടക സമിതി ചെയർമാൻ അഷ്‌റഫ് ബ്രില്ലിയന്റും മറ്റു നേതാക്കളും നേതൃത്വം നൽകി. ക്യാമ്പസ് ലീഗിനോട് അനുബന്ധിച്ച ബാലമത്സരങ്ങൾക്കും മാർച്ച് പാസ്റ്റിനും വിപുലമായ പങ്കാളിത്തമുണ്ടായിരുന്നു.
സമാപന സമ്മേളനത്തിൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദിപറഞ്ഞു.