അനർഹരെ വെളിപ്പെടുത്തണം, അർഹതയുള്ളവർക്ക് പെൻഷൻ നൽകണം: ഡി.കെ.ടി.എഫ്. യോഗം
തിരുവമ്പാടി: വയോജന, കർഷക, തൊഴിലാളി സാമൂഹ്യ സുരക്ഷ പെൻഷൻ ക്രമീകരണത്തിൽ കൃത്രിമ രേഖകൾ നിർമ്മിച്ച് പെൻഷൻ കൈപ്പറ്റിയവരുടെ പേരുകൾ വെളിപ്പെടുത്തി ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും, അർഹതയുള്ളവർക്ക് ക്രിസ്തുമസിന് മുമ്പ് കുടിശ്ശികയോടെ പെൻഷൻ നൽകണമെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ. ടി. എഫ്.) ആവശ്യപ്പെട്ടു.
ക്ഷേമനിധി അധിവർഷാനുകൂല്യം ഒരു തവണയായി ജീവിതദശയിൽ തന്നെ നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ഡിവിഷൻ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ. അബ്ദുള്ള അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദു കൊയങ്ങോറൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എ. കെ. മുഹമ്മദ്, യു. പി. മമ്മത്, നിയോജക മണ്ഡലം ഭാരവാഹികളായ മോഹനൻ മുട്ടോളി, ബാബു പന്നിക്കോട്, ടി. രാധാകൃഷ്ണൻ, കേശവൻ ചെമ്പുകടവ്, കുഞ്ഞുമോൻ കോടഞ്ചേരി, കെ. സബീന, പി. ജസീല, കെ. ഏലിയാമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ലീലാമ്മ ജോർജ് സ്വാഗതവും മുത്തപ്പൻപുഴ രാമൻകുട്ടി നന്ദിയും പറഞ്ഞു.