Kodiyathur

കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വർണ്ണ കൂടാരം ഉദ്ഘാടനം ഇന്ന്

കൊടിയത്തൂർ : സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച പെഡഗോഗിക്കൽ പാർക്ക് ആയ ‘വർണ്ണ കൂടാരത്തിന്റെ’ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ ഡോ. അബ്ദുൽ ഹക്കീം, ജന പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പൂർവ വിദ്യാർഥികളുടെ സംഗീതവിരുന്നു അരങ്ങേറും.

പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തയ്യാറാക്കിയ പദ്ധതിയാണ് വർണ്ണ കൂടാരം. 10 ലക്ഷം രൂപയാണ് ഇതിനായി ഓരോ വിദ്യാലയത്തിനും അനുവദിച്ചത്. കുട്ടികളുടെ ബഹുമുഖ ബുദ്ധി വികാസങ്ങളെ അടിസ്ഥാനമാക്കി 13 ഇടങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ഭാഷയിടം, ശാസ്ത്രയിടം, ഗണിതയിടം, ഹരിതയിടം, ആട്ടവും പാട്ടും, വരയിടം, അകം കളിയിടം, പുറം കളിയിടം, പഞ്ചേന്ദ്രിയാനുഭവയിടം, കുഞ്ഞരങ്ങ്, കരകൗശല ഇടം, നിർമ്മാണ ഇടം എന്നിവയാണ് 13 ഇടങ്ങൾ.

സ്നേഹമാണ്, ഭാഷ കളിയാണ് രീതി എന്നതാണ് കൂടാരത്തിന്റെ സന്ദേശം. ഓടാനും ചാടാനും ആടാനും പാടാനും ഇഷ്ടപ്പെടുന്ന പ്രായത്തിൽ അതിനുള്ള അവസരം ഒരുക്കി നൽകി അവരെ അറിയാതെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനോഹരമായ ചിത്രങ്ങളുടെ വർണ്ണ ലോകവും അവർക്കായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാൻ ഒരുക്കിയിരിക്കുന്ന കുഞ്ഞങ്ങ്, ആടാനും പാടാനും അതേസമയം അവരിൽ അന്തർലീനമായ കഴിവുകളെ കണ്ടെത്താനും സഹായകരമായ തരത്തിലാണ് ഒരുക്കിയത്.

ഗണിതാശയങ്ങൾ ലളിതമായ കളികളിലൂടെ ഉറപ്പിക്കാൻ ഗണിതയിടം, ജിജ്ഞാസ വളർത്തി ശാസ്ത്ര ലോകത്തേക്ക് നയിക്കുന്നതാണ് ശാസ്ത്രയിടം, ഡിജിറ്റൽ ലോകത്തേക്ക് നയിക്കുന്ന ഈ – ഇടം, സംഗീതോപകരണങ്ങൾ പരിചയപ്പെടുന്ന ആട്ടോ പാട്ടും, കരകൗശല വസ്തുക്കൾ നിർമിക്കാൻ പഠിപ്പിക്കുന്ന കര കൗശലയിടം തുടങ്ങിയവ ഏറെ ആകർഷക മാണ്. പിടിഎ പ്രസിഡണ്ട് ചെയർമാനും ഹെഡ്മാസ്റ്റർ കൺവീനറുമായ കമ്മിറ്റിയാണ് ഇതിന്റെ നിർമ്മാണ ചുമതല നിർവ്വഹിച്ചത്. സ്വാഗതസംഘം ചെയർമാൻ ടി.കെ അബൂബക്കർ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, പ്രീ പ്രൈമറി ടീച്ചർ കെ സാറ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button