ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി മഹോത്സവത്തിന് കൊടിയേറി
മുക്കം : ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിൽ ഗുരുവായുർ ഏകാദശി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരി കൊടിയേറ്റി. ആലിൻതറ കാടംകുനി കരുവോൻ ക്ഷേത്രത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രമോദ് ഐക്കരപ്പടി മുഖ്യപ്രഭാഷണം നടത്തി. മാതൃസമിതിയുടെ തിരുവാതിരക്കളിയും കലാപരിപാടികളും അരങ്ങേറി.
മഹോത്സവത്തിന്റെ നാലാംദിവസമായ ഞായറാഴ്ച രാത്രി പത്തുമണിക്ക് ജാനുതമാശകൾ സ്റ്റേജ് ഷോ നടക്കും. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്ക് ഭജനയും രാത്രി 10-ന് ഓട്ടൻതുള്ളലും അരങ്ങേറും. ആറാം ദിവസമായ ചൊവ്വാഴ്ച പള്ളിവേട്ടയും പള്ളിക്കുറുപ്പും നടക്കും. സമാപനദിവസമായ ബുധനാഴ്ച വൈകീട്ട് ആറിനാണ് ആറാട്ട്. എട്ടുമണിക്ക് സമാപനസമ്മേളനവും ഒൻപതുമണിക്ക് കോഴിക്കോട് സ്വാതി തിയേറ്റേഴ്സിന്റെ പുണ്യപുരാണനാടകം ‘ഇവൻ രാധേയനും’ അരങ്ങേറും.
എല്ലാ ദിവസവും പ്രത്യേക പൂജകളും അന്നദാനവും വിവിധ കലാപരിപാടികളുമുണ്ടാകും. ഉത്സവക്കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷണൻ പുത്തൂർ, വൈസ്ചെയർമാൻ ബാലകൃഷ്ണൻ വെണ്ണക്കോട്, കൺവീനർ ഇ.കെ. രാജു, ക്ഷേത്ര ഭാരവാഹികളായ പി.പി വേലായുധൻ, ടി. പ്രസാദ്, ഇ.കെ. രാമകൃഷ്ണൻ, കെ. ഓം പ്രസാദ്, ടി. ബാലകൃഷ്ണൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.