യാത്രക്കാരിൽ ഭീതിയും ആശങ്കയും നിറച്ച് താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ അറിയിച്ചു. എട്ട് മുതൽ ഒമ്പത് വളവുകൾക്കിടയിലായിരുന്നു കടുവയുടെ സാന്നിധ്യം. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവമുണ്ടായത്.
വയനാട്ടിൽ നിന്നു കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ ജിം മാത്യു എന്ന യാത്രക്കാരനാണ് കടുവയെ ആദ്യം കാണുന്നത്. ജിം മാത്യു യാത്ര ചെയ്ത കാറിന് മുന്നിലുള്ള വാഹനത്തിലേക്ക് കടുവ ചാടിയതായാണ് റിപ്പോർട്ട്. കാറിന് മുന്നിലേക്ക് ചാടിയ കടുവ പെട്ടെന്ന് മുകളിലേക്കു തിരിച്ചുപോയതായും അദ്ദേഹം പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ജിം മാത്യുവും സംഘവും വനംവകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.
മുന്‍വശത്തുള്ള ഒരു ബൈക്ക് യാത്രികനും കടുവയെ കണ്ടതായി പറയപ്പെടുന്നു. ഭീതിയോടെ യാത്രികൻ ബൈക്ക് വേഗം കൂട്ടി രക്ഷപെടുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും ചുരത്തിൽ ക്യാമ്പ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.