മുക്കത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം

മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡും മുക്കം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന് ഉജ്ജ്വല തുടക്കമായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കലാ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായിരുന്നു.
കരിയാകുളങ്ങര മൈതാനത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മണാശ്ശേരി സൺഡേ ക്രിക്കറ്റേഴ്സ് ജേതാക്കളായി. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റിഥം മണാശ്ശേരി റണ്ണേഴ്സപ്പായി. കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ മൂന്നാം തവണയാണ് മണാശ്ശേരി സൺഡേ ക്രിക്കറ്റേഴ്സ് വിജയിക്കുന്നത്.
വിജയികൾക്ക് നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലൂസ്റ്റാർ നെല്ലിക്കാപ്പൊയിലായിരുന്നു സംഘാടകർ. കൗൺസിലർമാരായ എം.കെ. യാസർ, എം.ടി. വേണുഗോപാലൻ, യൂത്ത് കോഡിനേറ്റർ ആതിര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അത്ലറ്റിക്സ്, പഞ്ചഗുസ്തി, ചെസ്സ് മത്സരങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. ഫുട്ബോൾ, ആർട്സ്, വോളിബോൾ മത്സരങ്ങൾ ഞായറാഴ്ച നടക്കും.