കൂടരഞ്ഞി കമ്മ്യൂണിറ്റി കിച്ചനിലെ വിഭവങ്ങൾ അനധികൃതമായി വിൽപന നടത്തുന്നതായി ആരോപണവുമായി യൂത്ത് ലീഗ്

കോവിഡ് 19 പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിൽ ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുകയും അവ വിൽപന നടത്തുകയും ചെയ്യുന്നതായി യൂത്ത് ലീഗ് ആരോപിച്ചു. അഞ്ചുപേരടങ്ങുന്ന യൂത്ത് ലീഗ് പ്രവർത്തകരാണ് ആരോപണവുമായി പ്ലക്കാർഡുകളുമേന്തി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം ചെയ്തത്.
ഇരുപതോളം പേർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കേണ്ട കിച്ചനിൽ നൂറിൽ കൂടുതൽ പേർക്കുള്ളവ തയ്യാറാക്കുകയും അവ 20 രൂപക്ക് പുറമെ വിൽക്കുകയും ചെയ്യുന്നു എന്നാണ് യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം.
യൂത്ത് ലീഗിന്റെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് എന്നും യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ ഭാവിയിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് സാദിക്കലി അറിയിച്ചു.
യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് ഇല്ലിക്കൽ, യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് ട്രഷറർ കാദർ ചെറിയേടത്ത്, അൻസാർ കൂമ്പാറ, ഷമീർ പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു.








