അടിവാരം 110 കെ.വി. സബ് സ്റ്റേഷൻ 2026 മാർച്ചോടെ പൂർത്തീകരിക്കും ; മന്ത്രി കെ. കൃഷ്ണൻകുട്ടി

പുതുപ്പാടി : സ്ഥലമേറ്റെടുക്കലുമായും വകുപ്പുതല നടപടികളുമായും ബന്ധപ്പെട്ട വർഷങ്ങളുടെ കാലതാമസത്തിനൊടുവിൽ തുടങ്ങിയ അടിവാരം 110 കെ.വി. സബ് സ്റ്റേഷൻ നിർമാണം തനത് ഫണ്ട് വിനിയോഗിച്ച് 2026 മാർച്ചോടെ പൂർത്തീകരിക്കും. അടുത്ത രണ്ടുവർഷത്തിനകം അടിവാരം, പന്തീരാങ്കാവ്, പന്തലായനി സബ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തീകരിക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പുനൽകി.
താമരശ്ശേരി, സൈബർപാർക്ക്, അമ്പലപ്പറമ്പ് സബ് സ്റ്റേഷനുകളുടെ ശേഷി 110 കെ.വി. ആക്കി വർധിപ്പിക്കുന്ന പ്രവൃത്തികൾ, ബേപ്പൂർ, നെല്ലിക്കാപറമ്പ് 33 കെ.വി. സബ് സ്റ്റേഷനുകൾ, അനുബന്ധലൈനുകൾ എന്നിവയുടെ പ്രവൃത്തിയും ഇക്കാലയളവിൽ പൂർത്തീകരിക്കും. പുതുപ്പാടി സെയ്ന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.ഇ.ബി.യുടെ 110 കെ.വി. അടിവാരം സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു. 2019 ഡിസംബറിൽ സബ് സ്റ്റേഷൻ നിർമാണത്തിനായി 11.5 കോടി രൂപയുടെ ഭരണാനുമതിലഭിച്ച പദ്ധതിക്കായി ഈങ്ങാപ്പുഴ പാടൂർ ഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും ഈ വർഷം ഓസ്റ്റിലാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.
താമരശ്ശേരിമുതൽ അടിവാരംവരെയുള്ള ആറുകിലോമീറ്റർ ലൈൻ, സബ് സ്‌റ്റേഷൻ നിർമാണത്തോടൊപ്പം പൂർത്തീകരിക്കും. സബ് സ്റ്റേഷൻ നിർമാണത്തിന് അനുബന്ധമായി താമരശ്ശേരിമുതൽ വയനാട് കൂട്ടമുണ്ടവരെയുള്ള ഇരുപതുകിലോമീറ്റർ 66 കെ.വി. സിംഗിൾസർക്യൂട്ട് ലൈൻ 110 കെ.വി. ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പൂർത്തീകരിക്കുന്നതോടെ പുതുപ്പാടി, അടിവാരം, കൈതപ്പൊയിൽ, ഈങ്ങാപ്പുഴ, കണ്ണോത്ത്, കോടഞ്ചേരി മേഖലകളിൽ ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാവും.
ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മറിപ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതി ഉടൻ യാഥാർഥ്യമാക്കാനും, പുതുപ്പാടി ചാർജിങ് സ്റ്റേഷനിൽ എല്ലാതരം കാറുകൾക്കുമുള്ള ചാർജിങ്ങിനും നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതുപ്പാടി ഉൾപ്പെടെയുള്ള അഞ്ച് സ്ലോ ചാർജിങ് സ്റ്റേഷനുകളിൽ സി.സി.എസ്. 2 ചാർജർ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ഇ.ബി. ട്രാൻസ്‌മിഷൻ നോർത്ത് ചീഫ് എൻജിനിയർ കെ. ശാന്തി റിപ്പോർട്ടവതരിപ്പിച്ചു. ട്രാൻസ്‌മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ്. ശിവദാസ് ആമുഖഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, അംബിക മംഗലത്ത്, കെ.പി. സുനീർ, ഉഷാ വിനോദ്, ആയിഷക്കുട്ടി സുൽത്താൻ, ഷാഫി വളഞ്ഞപാറ, രാജേഷ് ജോസ്, എൻ.സി. ബേബി തുടങ്ങിയവർ സംസാരിച്ചു.