കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടക്കമാവും
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഡിസംബർ 27, 28, 29 തീയതികളിൽ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഈ ഓഫ്റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് 29 ന് നിർവഹിക്കും. 28ന് രാവിലെ തിരുവമ്പാടി എം.എൽ.എ. അമച്ചർ വിഭാഗവും, 29 ന് വൈകുനേരം കോഴിക്കോട് ജില്ല കല്ലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ. എ. എസ് ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും, വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തും
നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് മോട്ടോർ സ്പോർട്ട് വെൽഫയർ സൊസൈറ്റി കേരളയുടെ നേതൃത്വത്തിൽ, കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ നേതൃത്യത്തോടും നടത്തി വരുന്നു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ എ പി എസ് പ്രസിഡന്റ് ബിനു കുരിയാക്കോസ്,ഓട്ടോ ജേണലിസ്റ്റ് & വേൾഡ് കാർ അവാർഡ് ജ്യൂറി അംഗം ഹാനി മുസ്തഫ,പ്രശസ്ത മലയാള ചലച്ചിത്ര നടൻ ബിനു പപ്പു തുടങ്ങിയവർ ചടങ്ങിൽ മുഖ്യ പങ്കാളികൾ ആവും.സാഹസികത റോഡിൽ അല്ല, അതിനായി പ്രത്യേകമായി നിർമ്മിച്ച ട്രാക്കിൽ ആണ് എന്ന സന്ദേശം ജനങ്ങളിലേക്കു എത്തിക്കുക എന്നതും, ഗതാഗത നിയമങ്ങളുടെ പ്രാധാന്യവും, സുരക്ഷിത യാത്രയുടെ ആവശ്യകതയും ജനങ്ങളിലേക്കു എത്തിക്കുക എന്നതാണ് മത്സര ലക്ഷ്യം
മത്സരം മോട്ടോർ വാഹന വകുപ്പ്, ഫയർ സർവീസ്, മെയ്ത ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി, കേരള പോലീസ് എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ ഇൻഷുറൻസ് പരിരക്ഷയിൽ നടത്തപ്പെടുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങളും ഫയർ & റസ്‌ക്യൂ ടീമുകളും സജ്ജമാണ്.
കേരള അഡ്വഞ്ചർ ട്രോഫി 2024′ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150-ലേറെ പ്രഗൽഭ മോട്ടോർ സ്പോർട്ട് താരങ്ങളെ ഒരുമിപ്പിച്ച് ഇഷ്ടാനിഷ്ടങ്ങളിലുപരി സുരക്ഷയുടെയും കരുത്തിന്റെയും ചുവടുവെപ്പ് ആയിരിക്കും. തുഷാരഗിരിയിൽ ഡിസംബർ 27 മുതൽ 29 വരെ എത്തി ഈ മത്സരത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നും മോട്ടോർ സ്പോർട്ട് വെൽഫയർ സൊസൈറ്റി കേരള പ്രസിഡെൻറ് സുജീഷ് കൊളോത്തോടി, സെക്രട്ടറി ലിബിൻ പീയൂസ്, ട്രഷറർ യൂജിൻ ജോൺസൻ, കൈനടി പ്ലാന്റേഷൻസിന്റെ ഉടമ റോഷൻ കൈനടി തുഷാരഗിരി അഡ്വഞ്ചർ പാർക്ക് ഡയറക്ടർ കെവിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.