Thiruvambady

ജനചേതന നാടക സർഗോത്സവത്തിന് തിരശ്ശീല ഉയർന്നു

തിരുവമ്പാടി : രംഗകലയുടെ പുതിയ അനുഭൂതികൾ പകർന്ന് ജനചേതന മൂന്നാമത് നാടകോത്സവത്തിന് തിരശ്ശീലയുയർന്നു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലാണ് മൂന്നുനാൾ നീളുന്ന നാടകസർഗോത്സവം. ഉദ്ഘാടനദിവസം ബീന ആർ. ചന്ദ്രന്റെ ‘ഒറ്റ ഞാവൽമരം’ എന്ന ഏകപാത്രനാടകവും കെ.പി.എ.സി.യുടെ ‘ഉമ്മാച്ചു’ നാടകവും അരങ്ങേറി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനംചെയ്ത ചിത്രകലാ ക്യാമ്പോടെയാണ് നാടകസർഗോത്സവം ആരംഭിച്ചത്. ചിത്രകലാപ്രദർശനം മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. ശനിയാഴ്ച രാവിലെ 10-ന് നടക്കുന്ന ഫോക്‌ലോർ സെമിനാർ കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയാകും. ഡോ. ബി. വേണുഗോപാൽ, പ്രൊഫ. എ.എം. ശ്രീധരൻ, ഡോ. വൈ.വി. കണ്ണൻ, ഡോ. ഷീനാജി, കോയാ കാപ്പാട്, കെ. സുരേശൻ, കീഴില്ലം ഉണ്ണികൃഷ്ണൻ എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും.

ഉച്ചയ്ക്ക് 2.30-ന് കെ.ജെ. ബേബി അനുസ്മരണം ഡോ. ജോസഫ് കെ. ജോബ് ഉദ്ഘാടനംചെയ്യും. വി.എസ്. അനിൽകുമാർ അധ്യക്ഷനാകും. തുടർന്ന്, എം.എൽ. ഷീജ രചിച്ച ‘കാശി ടു കൗസാനി’ എന്ന പുസ്തകം വനിതാകമ്മിഷൻ ചെയർമാൻ അഡ്വ. പി. സതീദേവി പ്രകാശനംചെയ്യും. 4.30-ന് മ്യൂസിക് ബാൻഡ്‌ കവര. തുടർന്ന് ജടായു, പണയം എന്നീ നാടകങ്ങൾ അരങ്ങേറും, എട്ടിന് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് കലാവിഷ്കാരം.

സമാപനദിവസമായ ഞായറാഴ്ച രാവിലെ 10-ന് കവിതാ ശില്പശാല പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ദേവേശൻ പേരൂർ കവിതകളുടെ പുതുവഴികളെപ്പറ്റി പ്രഭാഷണംനടത്തും. ഉച്ചയ്ക്ക് രണ്ടിന് കവിയരങ്ങ് ഡോ. ആസാദ് ഉദ്ഘാടനംചെയ്യും. നാലിന് വെള്ളിനേഴി കഥകളിസംഘം അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളി അരങ്ങേറും. ആറിന് നടക്കുന്ന സമാപനസമ്മേളനത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണംനടത്തും. തുടർന്ന് ‘അവാർഡ്’, ‘തുന്നൽക്കാരി’, ‘100 ശതമാനം സിന്ദാബാദ്’ എന്നീ നാടകങ്ങൾ അരങ്ങേറും.

Related Articles

Leave a Reply

Back to top button