ജാതിമേൽക്കോയ്മയെ ഇല്ലായ്മചെയ്തത് കുടിയേറ്റം -അശോകൻ ചരുവിൽ
തിരുവമ്പാടി : മലബാറിൽ ജാതിമേൽക്കോയ്മയെ ഇല്ലായ്മചെയ്യുന്നതിൽ കുടിയേറ്റം നിർണായക പങ്കുവഹിച്ചതായി എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ.
കേരളീയ നവോത്ഥാനചരിത്രത്തിൽ കുടിയേറ്റത്തിന്റെ അധ്യായങ്ങളും സ്മരിക്കപ്പെടേണ്ടതുണ്ട്. അതിജീവനത്തിന്റെ തീക്ഷ്ണമായ ജീവൽപ്രശ്നങ്ങളാണ് കുടിയേറ്റനിവാസികൾക്കുള്ളത്. എന്നാൽ കൈയേറ്റക്കാരായും പരിസ്ഥിതിവിരുദ്ധരായും ഇവരെ ചിത്രീകരിക്കുന്നു. ഇത് ആപത്കരമായ പ്രവണതയാണ്. ജനചേതന നാടക സർഗോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതകൾക്കെല്ലാം അതീതമായി മനുഷ്യനെ ഒന്നിപ്പിക്കാൻ സർഗാത്മകതയ്ക്ക് സാധിക്കുമെന്നും കലയും സംഗീതവും സാഹിത്യവും സിനിമയുമെല്ലാം ഉന്നതമായ ജനാധിപത്യസങ്കല്പത്തിനാണ് വളക്കൂറൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കെ.ജെ. അജയകുമാർ അധ്യക്ഷനായി. ജോസ് വർഗീസ് രചിച്ച ‘ഒരു കുടിയേറ്റക്കാരന്റെ ഓർമ്മക്കുറിപ്പുകൾ’ പുസ്തകം പ്രൊഫ. ഹമീദ് ചേന്നമംഗലൂർ പ്രകാശനംചെയ്തു. ചിന്നമ്മ ജോസും അഷ്ടമൂർത്തിയുംചേർന്ന് ഏറ്റുവാങ്ങി.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ, ജോർജ്കുട്ടി വിളക്കുന്നേൽ, ജനചേതന ഡയറക്ടർ ഡോ. ജെയിംസ് പോൾ, ഫെസ്റ്റിവൽ ഡയറക്ടർ ടി. കെ. അബ്ബാസലി, ബാബു കെ. പൈക്കാട്ടിൽ, കെ. എ. അബ്ദുറഹ്‌മാൻ, കെ.ആർ. ബാബു, പി.ടി. അഗസ്റ്റ്യൻ, ജോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.