നേതാജി ജയന്തി ആഘോഷവും ബി.പി മൊയ്തീൻ വീരപുരസ്കാര ദാനവും

മുക്കം: ബി.പി മൊയ്തീൻ സേവാമന്ദിറും ലൈബ്രറിയും സംയുക്തമായി നടത്തിയ നേതാജി ജയന്തി ആഘോഷവും ബി.പി മൊയ്തീൻ വീര പുരസ്കാര ദാന ചടങ്ങും മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ അദ്ധ്യക്ഷനായി. എ.പി മുരളീധരൻ നേതാജി അനുസ്മരണ പ്രഭാഷണം നടത്തി.
സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ആഴമുള്ള തോട്ടിൽ വീണ് മുങ്ങി താഴുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ രക്ഷപ്പെടുത്തിയ സഹോദരൻ ആരോൺ ടോമിച്ചൻ എന്ന പതിനൊന്നു കാരന് ബി.പി മൊയ്തീൻ വീര പുരസ്കാരം ആനന്ദ കനകം സമ്മാനിച്ചു. ആലപ്പുഴ നെടുമുടി ചെമ്പുംപുറം കീപ്പട ടോമിച്ചൻ്റെയും, നാൻസിയുടെയും മകനാണ് ആറാം ക്ലാസുകാരനായ ആരോൺ.
വ്യത്യസ്ത മേഖലകളിൽ അംഗീകാരം ലഭിച്ച ലൈബ്രറി അംഗങ്ങളായ മുക്കം ബാലകൃഷ്ണൻ, മുക്കം വിജയൻ, ബിജുല സജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. വി.പി ജയചന്ദ്രൻ രചിച്ച ചിദഗ്നി എന്ന ഗ്രന്ഥം സേവാ മന്ദിർ ഡയരക്ടർ കാഞ്ചനമാല ബച്ചു ചെറുവാടിക്ക് നൽകി പ്രകാശനം ചെയ്തു.
എ.സി നിസാർ ബാബു, സജി കള്ളിക്കാട്ട്, എ.എം ജമീല, നടുക്കണ്ടി അബുബക്കർ, പ്രഭാകരൻ മുക്കം, ദാമോദരൻ കോഴഞ്ചേരി, കെ രവീന്ദ്രൻ, എ.കെ സിദ്ദിഖ്, എന്നിവർ സംസരിച്ചു.