Puthuppady
പയോണയിൽ ജലവിതരണ പൈപ്പുകൾ സമൂഹദ്രോഹികൾ വെട്ടിമുറിച്ചു

പുതുപ്പാടി : കുടിവെള്ളക്ഷാമം നിലനിൽക്കുന്ന മേഖലയിൽ സുമനസ്സുകൾ നിർമിച്ചുനൽകിയ കുടിവെള്ള കണക്‌ഷന്റെ വിതരണപൈപ്പുകൾ സമൂഹദ്രോഹികൾ വെട്ടിമുറിച്ചു. ഈങ്ങാപ്പുഴ പയോണയിലാണ് സംഭവം. മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈങ്ങാപ്പുഴ പയോണ ഹൗസിങ് കോളനിയിലേക്കുള്ള ജലവിതരണ പൈപ്പുകളാണ് വ്യാപകമായി വെട്ടിമുറിച്ചത്.
പയോണ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ദയ കൂട്ടായ്മ നിർമിച്ചുനൽകിയ കുടിവെള്ളവിതരണ പൈപ്പുകളാണ് നശിപ്പിക്കപ്പെട്ടത്. ഇതോടെ ശുദ്ധജലത്തിനായി ഈ പൈപ്പുവെള്ളത്തെ ആശ്രയിച്ചുവന്നിരുന്ന കുടുംബങ്ങൾ ദുരിതത്തിലായി. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻ ഗ്രാമപ്പഞ്ചായത്തംഗം ഷാഫി വളഞ്ഞപാറ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ വി.കെ. മൊയ്തുഹാജി, റഫീഖ്, അബ്ദുൽ സമദ്, ഷാജീർ എന്നിവർ സ്ഥലം സന്ദർശിച്ചു.