Koodaranji

പുലി പിടിയിലായതോടെ ആശങ്കകളുടെ 4 മാസത്തിന് അറുതി; ആശ്വാസത്തിൽ മലയോരം

കൂടരഞ്ഞി : മലയോര മേഖലയിൽ 4 മാസത്തിലേറെയായി ഒട്ടേറെ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി പിടിയിലായതോടെ നാട്ടുകാർ ആശ്വാസത്തിൽ. നാട്ടുകാരിൽ പലരും പുലിയെ നേരിൽ കണ്ടെങ്കിലും അന്നു ക്യാമറ സ്ഥാപിച്ചതല്ലാതെ കാര്യമായ നടപടി ഉണ്ടായില്ല. എന്നാൽ, പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടി മാറിയപ്പോൾ വീട്ടമ്മ വീണു പരുക്കേറ്റതോടെ വനം വകുപ്പ് നടപടി ഊർജിതമാക്കി.കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട്, കൂരിയോട്, ചുള്ളിയകം പ്രദേശങ്ങളിലാണ് ഒട്ടേറെത്തവണ പുലിയെ കണ്ടത്. സെപ്റ്റംബർ 14ന് ആണ് ആനയോട് കാഞ്ഞിരകൊമ്പേൽ ജെയ്സന്റെ വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചത്. പിന്നീട്, പെരുമ്പൂള കൂരിയോട് പൈക്കാട്ട് ഗ്രേസിയുടെ വീട്ടിലെ വളർത്തുനായയെ പിടികൂടി. ഒരാഴ്ചയ്ക്കു ശേഷം തീറ്റാൻ കൊണ്ടുപോയ ആടിനെ ഗ്രേസിയുടെ മുൻപിൽ നിന്ന് പുലി പിടിച്ചു കൊണ്ടുപോയി. പിന്നീട് എക്കാലയിൽ തോമസിന്റെ വളർത്തു നായയെ പിടിച്ചു.

ജോണി ഓലേടത്ത് കഴിഞ്ഞ മാസം ചുള്ളിയകത്ത് പുലിയെ നേരിട്ടു കണ്ടു. ആദ്യം ജെയ്സന്റെ വീടിനു സമീപവും പിന്നീട് എക്കാലയിൽ തോമസിന്റെ കൃഷിയിടത്തിനു സമീപവും അവസാനം ഗ്രേസിയുടെ വീടിനു സമീപവും വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ഒന്നിലും പുലിയുടെ ദൃശ്യം പതിഞ്ഞില്ല. കാൽപാടുകൾ പരിശോധിച്ച വനം വകുപ്പ് വന്യജീവി പുലിയാണെന്നു സ്ഥിരീകരിച്ചിരുന്നു.ജനുവരി 3ന് ആടുകളെ അടുത്തുള്ള പറമ്പിൽ തീറ്റുന്നതിനിടെയാണു ഗ്രേസിയുടെ ആടുകളെ പുലി പിടിക്കാൻ എത്തിയത്. ബഹളം വച്ചതോടെ അത് ഗ്രേസിയുടെ നേരെ വന്നു. ഓടിമാറി കയ്യാലയ്ക്കു താഴേക്കു വീണുപോയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നു ഗ്രേസി പറഞ്ഞു. തുടർന്നാണ് പുലിയെ പിടിക്കാൻ ജനുവരി 4ന് കൂട് സ്ഥാപിച്ചത്. എന്നാൽ, കൂട്ടിൽ ഇരയെ കെട്ടാതെ ജനങ്ങളെ കബളിപ്പിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നെന്നു പറഞ്ഞ് കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് 5ന് രാത്രി കൂട്ടിൽ വനപാലകർ ഇരയെ കെട്ടി. ആർആർടി പരിശോധന നടത്തുകയും ചെയ്തു.

ഇരയെ കെട്ടി 21–ാം ദിവസം ആണു കൂട്ടിൽ പുലി കുടുങ്ങിയത്. അതിനിടയിൽ പെരുമ്പൂളയിൽ മുല്ലൂർ അഗസ്റ്റിന്റെ കൃഷിയിടത്തിൽ പുലി പിടികൂടി ഭക്ഷിച്ച കേഴയുടെ ജഡം കണ്ടെത്തിയിരുന്നു. പുലി കൂട്ടിൽ കുടുങ്ങിയതിനു 2 കിലോമീറ്ററേയുള്ളൂ അകമ്പുഴ വനമേഖലയിലേക്ക്. അവിടെ നിന്നാണു വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് വരുന്നതെന്നും പ്രദേശത്ത് സൗരോർജ വേലി സ്ഥാപിച്ച് ജനങ്ങളെയും കൃഷി സ്ഥലത്തെയും സംരക്ഷിക്കണമെന്നുമാണു ജനങ്ങളുടെ ആവശ്യം.പിടികൂടിയ മേഖലയിലേക്ക് ഒരിക്കലും കൊണ്ടുവരില്ല എന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയ ശേഷമാണ് ഉച്ചയ്ക്കു ശേഷം പുലിയെ അധികൃതർ കൊണ്ടുപോയത്.

ആർആർടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഷാജീവ്, പീടികപ്പാറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.സുബീർ, ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനോയി, ആൻസി, ബിനീത്, സനോജ്, ആനക്കാംപൊയിൽ സാറ്റലൈറ്റ് ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വിജയൻ, സിനിൽ, തിരുവമ്പാടി എസ്എച്ച്ഒ പി.വി.ധനഞ്ജയ ദാസ്, എസ്ഐ കെ.എം.ജോർജ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പഞ്ചായത്ത് അംഗം ജോണി വാളിപ്ലാക്കൽ, സീന ബിജു, റെജീന റോയി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button