മലയോരത്തിന്റെ മഹോത്സവത്തിൽ ജനസാഗരം

മുക്കം : വിനോദവും വിജ്ഞാനവും നിറഞ്ഞ സ്റ്റാളുകൾ, അരങ്ങിനെയും മനസ്സിനെയും ആവേശക്കൊടുമുടിയേറ്റുന്ന കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധതരം റൈഡുകൾ, മലയോരജനതയ്ക്ക് ആവേശരാവുകൾ സമ്മാനിക്കുകയാണ് മുക്കം ഫെസ്റ്റ്. അറിവും ആനന്ദവും സമ്മേളി ക്കുന്ന ആഘോഷരാവുകളിലേക്ക് ആയിരങ്ങളാണ് ദിവസേന ഒഴുകിയെത്തുന്നത്.
ഫെസ്റ്റ് തുടങ്ങി നാലുദിവസത്തിനിടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം ആളുകളാണ് ഇതുവരെ എത്തിയത്. ഹനാൻ ഷായുടെ സംഗീതവിരുന്നിനാൽ ശ്രദ്ധേയമായ ആദ്യദിനത്തിൽമാത്രം എട്ടായിരത്തോളം പേരാണ് ഫെസ്റ്റിനെത്തിയത്. ഗായിക ഗൗരി ലക്ഷ്മിയെത്തിയ വെള്ളിയാഴ്ചയും പാട്ടുപുരയുടെ നാടൻപാട്ടുകൾ അരങ്ങുതകർത്ത ശനിയാഴ്ചയും അയ്യായിരംപേർ വീതം പങ്കാളികളായി.
മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23 വരെ നടക്കുന്ന ഫെസ്റ്റിൽ മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ഒട്ടേറെ വേറിട്ടകാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. അക്വ ടണൽ, റോബോട്ടിക് ഷോ, കാർഷിക-വ്യാവസായിക-ശാസ്ത്ര പ്രദർശനം, സർക്കാർ സ്റ്റാളുകൾ, വിപണനമേളകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങി വിപുലമായ സജ്ജീകരണങ്ങളാണ് അഗസ്ത്യൻമുഴി ജില്ലാപഞ്ചായത്ത് സ്റ്റേഡിയത്തിലെ ഫെസ്റ്റ് നഗരിയിലുള്ളത്. വൈകീട്ട് നാലുമുതൽ പ്രദർശനം തുടങ്ങും. ദിവസവും രാത്രി എട്ടുമുതൽ പത്തുവരെ വിവിധ കലാപരിപാടികളും അരങ്ങേറും.