ജനകീയപ്രശ്നങ്ങളിൽ സജീവമായി ഇടപെടണം -പ്രിയങ്കാഗാന്ധി

മുക്കം : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും തുടർന്നുനടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും സജ്ജമാവാൻ യു.ഡി.എഫ്. പ്രവർത്തകരോട് ആഹ്വാനംചെയ്ത് പ്രിയങ്കാഗാന്ധി എം.പി. ജനങ്ങളുടെ ദൈനംദിനപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരംകണ്ടെത്താൻ പ്രവർത്തകർ ശ്രമിക്കണമെന്നും അതിന് തോളോടുതോൾചേർന്ന് പ്രവർത്തിക്കാൻ താനുണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞു. തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. ബൂത്ത്‌തല നേതൃസംഗമം മുക്കത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. താഴെത്തട്ടിൽ പ്രവർത്തകർ നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് വയനാട്ടിൽ തനിക്ക് ലഭിച്ച വലിയവിജയമെന്നും അതിന് നേതൃത്വത്തോടും പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
യു.ഡി.എഫ്. തിരുവമ്പാടി ചെയർമാൻ സി.കെ. കാസിം, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, കെ.ടി. മൻസൂർ, ബാബു പൈക്കാട്ട്, ഷിനോയ് അടക്കപ്പാറ, സി.ജെ. ആന്റണി, ഹബീബ് തമ്പി, ഹമീദ് മുത്താലം, അന്നമ്മ മാത്യു, ജോബി എലന്തൂർ, സിറാജ്ജുദ്ദീൻ, എം.ടി. അഷ്‌റഫ്, പി.ജി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.