Mukkam
ടിപ്പർലോറി മറിഞ്ഞ് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

മുക്കം : കെട്ടിടാവശിഷ്ടങ്ങളുമായി പോകവേ കുഴിയിലേക്കുമറിഞ്ഞ ടിപ്പർലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ തൂങ്ങാംപുറം സ്വദേശി തടത്തുമ്മൽ ഇബ്രാഹീമിനെ ഓടിക്കൂടിയ നാട്ടുകാർ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പുറത്തെടുത്ത് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടരയോടെ തൂങ്ങാംപുറത്താണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗശൂന്യമായ ചെങ്കൽക്വാറിയിൽ എത്തിക്കുന്നതിനിടയിലാണ് ലോറി പതിനഞ്ചടി താഴ്ചയുള്ള കല്ലുവെട്ടുകുഴിയിലേക്ക് മറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള മുക്കം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.