Mukkam

സ്കൂട്ടർ താഴ്ചയിലേക്ക്‌ മറിഞ്ഞു; പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മുക്കം : സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്കൂൾ റോഡിലായിരുന്നു അപകടം.

കുറ്റിപ്പാലയിൽനിന്ന് അഗസ്ത്യൻമുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണംവിടുകയും വൈദ്യുതത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവൻരക്ഷിക്കാനായില്ല.
ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു.

ഫാത്തിമ ജിബിന്റെ സഹോദരങ്ങൾ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്കൂൾ കൊടിയത്തൂർ).

Related Articles

Leave a Reply

Back to top button