മുണ്ടൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ, കണ്ടപ്പൻചാൽ മേഖലയിൽ കഴിഞ്ഞദിവസവും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽ മുണ്ടൂർ ചുണ്ടയിൽ ദേവസ്യയുടെ 25-ഓളം തെങ്ങുകളും 50-ഓളം വാഴയും നശിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയായുള്ള ജനവാസമേഖലയിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാനക്കൂട്ടത്തിന്റെ ഇടവിട്ടുള്ള ആക്രമണം. പരാതിപ്പെടുമ്പോൾ വനംവകുപ്പ് വാച്ചർമാരെത്തി പടക്കംപൊട്ടിച്ച് സ്ഥലംവിടുന്നുവെന്നാണ് കർഷകരുടെ പരാതി.
വനാതിർത്തിയിൽ ടെന്റ് കെട്ടി സ്ഥിരമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൃഷി സംരക്ഷിക്കുന്നതിനായി സ്വന്തം ചെലവിൽ സ്ഥാപിച്ച സൗരോർജവേലി തകർത്താണ് ചുണ്ടയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ ആനക്കൂട്ടം വ്യാപക നാശമുണ്ടാക്കിയത്. ഏതാനും ദിവസങ്ങൾമുൻപ് പ്രദേശത്തെ കർഷകരുടെ തേങ്ങ, കവുങ്ങ്, വാഴ, കൊക്കോ, മാവ്, പ്ലാവ് എന്നിവയുടെ ഫലം തിന്ന് കൃഷി നശിപ്പിച്ചു.
ജോസഫ് വണ്ടുമാക്കൽ, ജോസഫ് കുനാനിക്കൽ, മധു അഞ്ചാനിക്കൽ, നോബിൾ കുനാനിക്കൽ, തമ്പി, ബിജു മരോട്ടിക്കൽ, ലേയാമ്മ മരോട്ടിമൂട്ടിൽ, വിനോദ് വേളൂർ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നിരന്തരമായി നാശം വിതയ്ക്കുന്നത്.