Thiruvambady

മുറി വാടകയെച്ചൊല്ലി പഞ്ചായത്തും വിഎഫ്പിസിയും തർക്കം; 70 ലക്ഷം രൂപയുടെ യന്ത്രങ്ങൾ നശിക്കുന്നു

തിരുവമ്പാടി : കാർഷിക ഉൽപന്ന സംസ്കരണ– വൈവിധ്യവൽക്കരണത്തിനു കേന്ദ്ര സർക്കാർ അനുവദിച്ച് 70 ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികൾ ചട്ടങ്ങളിൽ കുടുങ്ങി നശിക്കുന്ന അവസ്ഥ. പഞ്ചായത്തും നടത്തിപ്പ് ഏജൻസിയും തമ്മിലുള്ള ശീതസമരമാണ് കാർഷിക സംസ്കരണ കേന്ദ്രം ചുവപ്പു നാടയ്ക്കുള്ളിൽ പെടാൻ കാരണം. 2023 മേയ് 15ന് ആണ് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികസന യോജന (ആർകെവിവൈ) പദ്ധതിയിൽ 70 ലക്ഷത്തോളം വിലയുള്ള 25 മെഷിനറികൾ പുല്ലൂരാംപാറ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസി )കേന്ദ്രത്തിൽ ഇറക്കിയത്.

ജില്ലയിൽ ആദ്യമായാണ് സൗജന്യമായി ഈ പദ്ധതി ലഭിക്കുന്നത്. എന്നാൽ പഞ്ചായത്തുമായി വി എഫ് പി സി കേന്ദ്രം വാടക കരാർ ഉറപ്പിച്ച് വാടക ലഭ്യമാക്കാത്തതിനാൽ മെഷിനറി പ്രവർത്തിപ്പിച്ച് കേന്ദ്രം സജ്ജമാക്കാൻ പഞ്ചായത്ത് അനുവദിച്ചില്ല. ഒരു വർഷം വാറന്റി ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതെ പലതും തുരുമ്പ് എടുത്ത് നശിക്കുന്ന അവസ്ഥയാണ്. ചക്കയുടെ വിവിധ ഉൽപന്ന നിർമാണം, നേന്ത്രക്കായ മൂല്യവർധിത ഉൽപന്ന നിർമാണം, ജാതിക്ക തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ സംസ്കരണം, മരച്ചീനി മറ്റ് പഴവർഗങ്ങളുടെ സംസ്കരണം, മൂല്യവർധിത ഉൽപന്ന നിർമാണം എന്നിവയ്ക്കുള്ള മിഷനറി ആണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.

പവർ സ്വീഫ്റ്റർ, ഫ്രീസർ, കട്ടിങ് ടേബിൾ, വെജിറ്റബിൾ കട്ടർ, ഡ്രയർ, ബനാന സ്ലൈഡർ, ട്രോളി, സീലിങ് മിഷൻ, തുടങ്ങി 25 മെഷീനുകളാണ് ഇറക്കിയത്. എന്നാൽ ട്രയൽ റൺ നടത്താൻ പോലും സാധിച്ചിട്ടില്ല. 3,000 രൂപ വാടക പ്രകാരം മുറി തരണം എന്ന് ആവശ്യപ്പെട്ട് വിഎഫ്പിസികെ പഞ്ചായത്തിന് കത്ത് നൽകുകയും ഇതനുസരിച്ച് സർക്കാരിലേക്ക് പഞ്ചായത്ത് അനുവാദത്തിന് അപേക്ഷിക്കുകയും ചെയ്തു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ 2024 മാർച്ച് 5ന് കർഷകർക്ക് പ്രയോജനമുള്ള സ്ഥാപനം എന്ന നിലയിൽ 3,000 രൂപ വാടകയ്ക്ക് വിഎഫ്പിസികെക്ക് കെട്ടിടം 18 മാസത്തേക്ക് അനുവദിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. എന്നാൽ വാടകയ്ക്ക് അപേക്ഷിച്ച 2022 മുതലുള്ള വാടക ലഭിക്കണം എന്ന് പഞ്ചായത്തും സർക്കാർ ഉത്തരവ് ഇറക്കിയ 2024 മാർച്ച് മുതലുള്ള വാടക നൽകാമെന്ന് വിഎഫ്പിസികെ യും പറയുന്നതാണ് ഇപ്പോഴത്തെ തർക്കത്തിനു കാരണം.

Related Articles

Leave a Reply

Back to top button