KeralaKozhikode

അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് വരുന്നതിനായി യാത്രയുടെ വിശദാംശങ്ങൾ അടക്കം നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഇതിനോടകം അഭ്യർത്ഥിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ എന്നിങ്ങനെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട വർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക.

താഴെപ്പറയുന്ന നടപടിക്രമങ്ങൾ കേരളത്തിലേക്ക് മടങ്ങിവരാനായി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മടങ്ങിവരാൻ ഉദ്ദേശിക്കുന്നവർ അതത് lജില്ലാ കളക്ടർമാരിൽ നിന്ന് യാത്രാനുമതി വാങ്ങേണ്ടതാണ്. ഇതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്ക രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് “കോവിഡ് 19 ജാഗ്രത” വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. (വെബ് വിലാസം:https://covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങി വരാൻ അനുമതി നൽകിയിട്ടുള്ള യാത്രക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്.

[covid-19 jagratha portal ➡ Public services ➡ Domestic return pass ➡ Register (with Mobile number) ➡ Add group, Vehicle No., Check post, time of arrival, etc. ➡ Submit]

നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

covid-19 jagratha portal ➡ Public services ➡ Domestic return pass ➡ Register (with Mobile number) ➡ New Registration.

പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളിൽനിന്നും യാത്രാനുമതി ആവശ്യമുണ്ടെങ്കിൽ ആയത് കൂടി കരസ്ഥമാക്കാൻ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാനം അനുവദിച്ചിട്ടുള്ള അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ക്കൂടി മാത്രമാണ് ആളുകള്‍ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടത്. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും കടത്തി വിടുകയുള്ളൂ.

കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം യാത്രക്കാർ യാത്രാ തീയതിയും എൻട്രി ചെക്ക് പോസ്റ്റും തിരഞ്ഞെടുക്കേണ്ടത്.

ഓരോ വ്യക്തിയും സമർപ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനു ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-മെയിലിലേക്കും ക്യു ആർ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാ കളക്ടർ നൽകുന്നതാണ്. ഇപ്രകാരമുള്ള യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ നിർദ്ദിഷ്ട യാത്ര തുടങ്ങാൻ പാടുള്ളൂ.

ഒരു വാഹനത്തിൽ ഒരു ഗ്രൂപ്പായി/ കുടുംബമായി യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തിഗത രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. മറ്റു ജില്ലകളിൽ ഉള്ള വ്യക്തികൾ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതും, ഓരോ ഗ്രൂപ്പിലും ഒരേ വാഹന നമ്പർ നൽകേണ്ടതുമാണ്.

ചെക്ക്പോസ്റ്റുകളിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി പ്രസ്തുത യാത്രാ പെർമിറ്റ് കയ്യിൽ കരുതേണ്ടതാണ്.

സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു 5 സീറ്റർ വാഹനത്തിൽ 4ഉം, 7 സീറ്റർ വാഹനത്തിൽ 5ഉം, വാനിൽ 10ഉം ബസ്സിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാവേളയിൽ ശാരീരികവും പാലിക്കേണ്ടതും, മാസ്ക് സാനിടൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

അതിർത്തി ചെക്ക് പോസ്റ്റ് വരെ മാത്രം വാടക വാഹനത്തിൽ വരികയും അതിനു ശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ അതത് സ്ഥലങ്ങളിൽനിന്നും വാഹനങ്ങൾ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാനായി വരുന്ന വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രസ്തുത ഡ്രൈവറും യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവർ ജാഗ്രത വെബ്സൈറ്റിലൂടെ ജില്ലാ കളക്ടർ നിന്ന് എമർജൻസി പാസ് വാങ്ങേണ്ടതാണ്.

അതിർത്തി ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീടുകളിലേക്ക് പോകാവുന്നതാണ്. വീടുകളിൽ ഇവർ കർശനമായും ഹോം ക്വാറന്റൈനിൽ കഴിയണം രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി പോയിട്ടുള്ള കുട്ടികൾ /ഭാര്യ/ ഭർത്താവ് /മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാൻ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് ജില്ലാ കളക്ടർ പുറത്തു പോകുവാനും തിരിച്ചുവരുവാനുമുള്ള പാസ് നൽകും. ഇത്തരം യാത്രകൾ നടത്തുന്ന വരും യാത്രയ്ക്ക് ശേഷം നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഏതു സംസ്ഥാനത്തേക്കാണോ യാത്ര ചെയ്യേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള മടക്ക് പാസ് ജില്ലാ കളക്ടർ നൽകുന്നതാണ്.

ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

യാത്രയുമായി ബന്ധപ്പെട്ട അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഗവ. സെക്രട്ടറിയേറ്റിലെ വാർറൂമുമായോ (0471 2781100/2781101) ജില്ലയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുത്ത അതിർത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.

Related Articles

Leave a Reply

Back to top button