പൂവാറൻതോട് റൂട്ടിൽ അപകടങ്ങൾ ആവർത്തിക്കുന്നു

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ചെങ്കുത്തായ മലയടിവാരങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പതിനഞ്ചോളം അപകടങ്ങളാണുണ്ടായത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി ഒറ്റപ്ലാവ് വളവ് ഇറങ്ങിവരുകയായിരുന്ന ടിപ്പർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ചിരുന്നു. പൂവാറൻതോട് കൊടിഞ്ഞിപ്പുറത്ത് മൈമൂനയുടെ മകൾ ജംഷീന (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവമ്പാടി പെരിമാലിപ്പടി ലീന (19), ഷാനിദ്, സൂരജ് എന്നിവർക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി.
വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ പൊതുവേ സ്ഥലപരിചയമില്ലാത്ത അന്യനാട്ടുകാരാണ് അപകടത്തിൽപ്പെടാറ്. മലയിറങ്ങിവരുന്ന വാഹനങ്ങൾ റോഡിൽനിന്ന് വൻ താഴ്ചയിലേക്കാണ് നിയന്ത്രണംവിട്ട് മറിയാറ്. കഴിഞ്ഞദിവസം ടിപ്പർ അപകടത്തിൽപ്പെട്ടതിന്റെ സമീപത്തായി കഴിഞ്ഞവർഷം ട്രാക്ടർ മറിഞ്ഞിരുന്നു. ആറുമാസംമുൻപ് കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് കുട്ടികളുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
രണ്ടുവർഷംമുൻപ് പൂവാറൻതോട് ഉടുമ്പുപാറയിൽ ജീപ്പ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഏക കെ.എസ്.ആർ.ടി.സി. ബസും നിയന്ത്രണം വിടുന്നത് തുടരുന്നു. പൂവാറൻതോട്, മേടപ്പാറ, കല്ലംപുല്ല്, ലിസ വളവ് എന്നിവിടങ്ങളിലായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ പത്തോളംതവണയാണ് ബസ് നിയന്ത്രണം വിട്ടത്. റോഡ് വികസിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പലയിടങ്ങളിലും സംരക്ഷണഭിത്തികളില്ല. അപകടങ്ങൾ നിയന്ത്രിക്കാൻ അടിയന്തരമായി ശാസ്ത്രീയസംവിധാനങ്ങൾ ഒരുക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് വാർഡംഗം എൽസമ്മ ജോർജ് ആവശ്യപ്പെട്ടു.