ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് തിരുവമ്പാടിയിൽ നിന്ന് മാറ്റാനുള്ള നീക്കം ഒഴിവാക്കി

തിരുവമ്പാടി :കൊടുവള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും 03-03- 2025 മുതൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം തലപ്പെരുമണ്ണയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്നും തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനെ ഒഴിവാക്കി ശനിയാഴ്ച ദിവസങ്ങളിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് തിരുവമ്പാടിയിൽ തുടരുന്നതിന് തീരുമാനമായി.
മലയോരമേഖലയ്ക്കായി അനുവദിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് മാറുന്നതുമൂലം തിരുവമ്പാടി മണ്ഡലത്തിലെ കക്കാടംപൊയിൽ , പൂവാറൻ തോട് ,ആനക്കാംപൊയിൽ, മുത്തപ്പൻപുഴ ,തുഷാരഗിരി എന്നീ മേഖലകളിലുള്ള ആളുകൾക്ക് ഡ്രൈവിംഗ് ടെസ്റ്റിന് അതിരാവിലെ എത്തിച്ചേരുക അപ്രായോഗികമാണ്.
യാത്ര സൗകര്യക്കുറവും വന്യമൃഗ ശല്യവും ഉള്ള ഈ മേഖലകളിൽ നിന്നും ആളുകൾക്ക് അതിരാവിലെ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് ഈ കാര്യങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണറെ ബോധ്യപ്പെടുത്തുകയും ട്രാൻസ്പോർട്ട് കമ്മീഷണറിൽ നിന്നും അനുയോജ്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് തിരുവമ്പാടി ടെസ്റ്റ് ഗ്രൗണ്ട് നിലനിർത്തുവാൻ തീരുമാനമായത്.