സെക്രട്ടറിയും പ്രസിഡന്റും അറിയാതെ പഞ്ചായത്തിന് സൗജന്യഭൂമി; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം

തിരുവമ്പാടി : സെക്രട്ടറിയും പ്രസിഡന്റും അറിയാതെ ഗ്രാമപ്പഞ്ചായത്തിന് സൗജന്യമായി ഭൂമി നൽകിയതിലെ ദുരൂഹത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തമ്പലമണ്ണ വാർഡിലാണ് ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഉപകേന്ദ്രം തുടങ്ങാനെന്ന പേരിൽ വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിലിന്റെ നേതൃത്വത്തിൽ അഞ്ചുസെന്റ് ഭൂമി ദാനാധാര പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സെക്രട്ടറിയുടെ ആധാർകാർഡ് ദുരുപയോഗം ചെയ്തതായി ആക്ഷേപമുണ്ട്. ദാനാധാരമായതിനാൽ സെക്രട്ടറിയുടെ ഒപ്പ് ആവശ്യമില്ല. അഞ്ചുസെൻറ്് ഭൂമി സൗജന്യമായി നൽകുമ്പോൾ അതിലേക്ക് എത്താൻ 200 മീറ്റർ റോഡ് ഫോർമേഷൻ നടത്തി കോൺക്രീറ്റ് പ്രവൃത്തി ചെയ്യേണ്ടതുണ്ട്. അതിനു വൻതുക വേണ്ടിവരും ഫലത്തിൽ സ്ഥലത്തിന്റെ വിലയെക്കാൾ എത്രയോ മടങ്ങ് പഞ്ചായത്ത് ഇതിനായി വിനിയോഗിക്കേണ്ടിവരും. ഈ റോഡ് ഉപയോഗപ്പെടുത്തി റിയൽഎസ്റ്റേറ്റ് താത്‌പര്യക്കാർക്ക് ലാഭം ഉണ്ടാക്കാൻ പഞ്ചായത്തിന്റെ പൊതുപണം ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥാവിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.നേരത്തേ ഈ ഭൂമി സൗജന്യമായി നൽകുന്ന പ്രശ്നം വന്നപ്പോൾതന്നെ ചില പരാതിക്കാർ രംഗത്തുവന്നിട്ടുണ്ട്. ഈ ഭൂമി വയൽ ഭൂമിയാണോ എന്ന് പരിശോധിക്കണമെന്ന് പരാതി ഉണ്ടായി. ആ പരാതിയെ സംബന്ധിച്ച പരിശോധന നടത്താൻ പഞ്ചായത്ത് ഭരണസമിതി ഒരു ഉപസമിതി വെക്കുകയുണ്ടായി എന്നാൽ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപേതന്നെ ഭരണസമിതി അറിയാതെ സ്ഥലം രജിസ്റ്റർ നടത്തിയത് ഇക്കാര്യത്തിലുള്ള ദുരൂഹത വർധിപ്പിക്കുന്നു.
ഇക്കാര്യത്തിൽ അടിയന്തരപരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അബ്രഹാം മാനുവൽ അധ്യക്ഷനായി സി.എൻ. പുരുഷോത്തമൻ, സി. ഗണേഷ് ബാബു കെ.എം. മുഹമ്മദലി ‘ഫിറോസ് ഖാൻ, ഗീത വിനോദ്, ഗോപിലാൽ, വിൽസൺ താഴത്തുപറമ്പിൽ ഫൈസൽ, ജോസ് അഗസ്റ്റിൻ, ബേബി മണ്ണംപ്ലാക്കൽ, സി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.