Mukkam

മുക്കം ബസ്‌സ്റ്റാൻഡിലെ പൊതുശൗചാലയനിർമാണം മന്ദഗതിയിൽ

മുക്കം : കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഷേഡ്നെറ്റുകൊണ്ടും ഫ്ലെക്സ്ബോർഡുകൾകൊണ്ടും മറച്ചിരിക്കുന്ന പോർട്ടബിൾ ടോയ്‌ലറ്റ്, ഇതിനുമുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ചണച്ചാക്കുകൾ വിരിച്ചിരിക്കുന്നു, കഴിഞ്ഞ മൂന്നുമാസമായി മുക്കം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമികകാര്യങ്ങൾ നിർവഹിക്കുന്ന ശൗചാലയത്തിന്റെ അവസ്ഥയാണിത്.

മുക്കം ബസ് സ്റ്റാൻഡിൽ പുതിയ പൊതുശൗചാലയം നിർമിക്കാനായി, പഴയ ശൗചാലയം പൊളിച്ചുനീക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ്. ബസ്‌സ്റ്റാൻഡിൽ ഉയരമുള്ള ഒട്ടേറെ കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന, മേൽക്കൂരയില്ലാത്ത താത്കാലിക ശാചാലയത്തിൽ കയറാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭയമാണ്. പുതിയ ശൗചാലയസമുച്ചയം നിർമിക്കാനായി, കഴിഞ്ഞ സെപ്റ്റംബറിലാണ് പഴയ ശൗചാലയം പൊളിച്ചുനീക്കിയത്. പകരം സംവിധാനം ഒരുക്കാതെയാണ് പഴയ ശൗചാലയം പൊളിച്ചുനീക്കിയിരുന്നത്. മാതൃഭൂമി വാർത്തയെത്തുടർന്നാണ് അധികൃതർ പകരം സംവിധാനം ഒരുക്കാൻ തയ്യാറായത്. എന്നാൽ, നിർമാണത്തിലെ മെല്ലെപ്പോക്ക് യാത്രക്കാർക്കും ബസ്‌ജീവനക്കാർക്കും വീണ്ടും ദുരിതമാവുകയാണ്.

32 ലക്ഷം രൂപ ചെലവിൽ, മൂന്നുഘട്ടമായി ശൗചാലയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 16 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിന്റെ പ്രവൃത്തി ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് കരാറെടുത്തിരിക്കുന്നത്. നിർമാണംതുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും, ശൗചാലയസമുച്ചയത്തിന്റെ തൂണുകളുടെ പ്രവൃത്തിപോലും പൂർത്തിയായിട്ടില്ല. പുതിയ ശൗചാലയം നിർമിക്കുന്ന സ്ഥലത്തുണ്ടായിരുന്ന മാലിന്യടാങ്കുകളാണ് നിർമാണപ്രവൃത്തി മെല്ലെപ്പോക്കിലാകാൻ കാരണമെന്നാണ് നഗരസഭാ അധികൃതരുടെ വാദം. മുക്കം നഗരസഭാ കാര്യാലയത്തിന്റെ പാർക്കിങ് ഏരിയക്ക് സമീപത്തുണ്ടായിരുന്ന ബയോഗ്യാസ് പ്ലാൻറിന്റെ മാലിന്യടാങ്കാണ് ഏറ്റവുമൊടുവിലെ പ്രതിസന്ധി. നിറഞ്ഞുനിൽക്കുന്ന മാലിന്യം നീക്കിയാലെ, ഇവിടെ തൂൺ നിർമിക്കാൻ സാധിക്കൂ. ടാങ്കുപൊട്ടി മാലിന്യം സമീപത്താകെ പരന്നുകിടക്കുന്ന അവസ്ഥയാണ്. ഈ മാലിന്യത്തിൽനിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. അഞ്ചുലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച്, ഒരുതവണപോലും ഉപയോഗിക്കാത്ത എയ്റോബിക് പ്ലാൻറ് പൊളിച്ചുമാറ്റി ശൗചാലയസമുച്ചയം നിർമിക്കുന്നത് വലിയ വിവാദമായിരുന്നു.

കൃത്യമായ ആസൂത്രണമില്ലാതെ, നവീകരണത്തിനായി ശൗചാലയം പൊളിച്ചുനീക്കിയതാണ് വിനയായതെന്നാണ് യാത്രക്കാരുടെയുടെയും വ്യാപാരികളുടെയും ആരോപണം.

Related Articles

Leave a Reply

Back to top button