Thiruvambady

വന്യമൃഗങ്ങൾ ജനവാസമേഖലയിൽ എത്തുന്നത് തടയാൻ ചെക്ക്‌ഡാമുകൾ

തിരുവമ്പാടി : വന്യമൃഗങ്ങൾ മനുഷ്യവാസമേഖലയിൽ അതിക്രമിച്ചുകടക്കുന്നത് തടയാൻ വനംവകുപ്പിന്റെ മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി ബ്രഷ്‌വുഡ് ചെക്ക് ഡാമുകൾ പണിയുന്നു. വേനൽ രൂക്ഷമായതോടെ കാട്ടിലും ജലക്ഷാമം രൂക്ഷമാണ്. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ആനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നതിന്.

വനമേഖലയിൽ ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ച് വന്യമൃഗങ്ങൾക്കാവശ്യമായ ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. വേനൽകാലത്ത് വറ്റുന്ന അരുവികളിലും മറ്റുമാണ് തടയണ കണക്കെ ജലസംഭരണികൾ ഒരുക്കുന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിൽ വിവിധ സെക്‌ഷൻ ഓഫീസുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ശ്രമദാനമായാണ് ചെക്ക് ഡാമുകൾ പണിയുന്നത്. ഇതിന്റെ ഭാഗമായി കുളങ്ങളിലെയും മറ്റു ജലസ്രോതസ്സുകളിലെയും ചെളിയും മണലും നീക്കംചെയ്യുന്ന പ്രവൃത്തിയും നടന്നുവരുന്നു. വരൾച്ച രൂക്ഷമായുളള സ്ഥലങ്ങളിൽ കുളങ്ങൾ കുഴിക്കാനും കോൺക്രീറ്റ് ടാങ്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്. നായർകൊല്ലി സെക്‌ഷൻ പൂവാറൻതോട് തമ്പുരാൻകൊല്ലി, കാടോത്തിക്കുന്ന്, കൊടക്കാട്ടുപാറ എന്നിവിടങ്ങിലായി ഇതിനകം മൂന്ന് ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ചുകഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ചെക്ക് ഡാമുകൾ പണിയാനാണ് നീക്കം. തമ്പുരാൻകൊല്ലിയിൽ സെക്‌ഷൻ ഓഫീസർ കെ. മണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. രാഹുൽ, വി. രേഷ്മ, വാച്ചർമാരായ എ.കെ. ഉണ്ണികൃഷ്ണൻ, മോഹൻ, രാജു തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button