Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ്; മേയ് 21ന് വിഎച്ച്എസ്ഇ പരീക്ഷ ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മെയ് 26 മുതല്‍ ആരംഭിക്കും. മേയ് 21 മുതല്‍ വിഎച്ച്എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍ ക്രമീകരണം പരിഗണനയിലുണ്ട്. എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

മേയ് 26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷ. എസ്എസ്എല്‍സിയ്ക്ക് മൂന്ന് പരീക്ഷയും പ്ലസ് ടുവില്‍ നാല് പരീക്ഷയുമാണ് ബാക്കിയുള്ളത്. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തും.

പരീക്ഷാഹാളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇതാണ് നിലവിലെ തീരുമാനം. സാമൂഹിക അകലം അടക്കം കോവിഡ് 19 പ്രതിരോധമാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തിപ്പ്.

ലോക്ക്ഡൗണിന് ശേഷം വിഎച്ച്എസ്ഇ പരീക്ഷയാണ് ആദ്യം നടത്തുന്നത്. മേയ് 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ നടക്കും. ബാക്കി പരീക്ഷകള്‍ 26 മുതല്‍ നടത്തും. ആറായിരത്തോളം വിദ്യാര്‍ഥികള്‍ മാത്രമുള്ള വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തി ക്രമീകരണങ്ങളില്‍ പോരായ്മകളില്ലെന്ന് ഉറപ്പ് വരുത്തും. മേയ് 13 മുതല്‍ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങും. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് 20 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 30 പേരുമായിരുന്നു ഒരു പരീക്ഷാഹാളില്‍. സാമൂഹിക അകലം പാലിക്കാന്‍ പരീക്ഷ നടത്തിപ്പിനായി കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കും.

ഒരു മൂല്യനിര്‍ണയ ക്യാമ്പില്‍ 200 അധ്യാപകര്‍ ഉണ്ടാകും. നേരത്തെ 20 അധ്യാപകരായിരുന്നു ഒരു ക്ലാസില്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത്. അത് 10 പേരാക്കി കുറക്കും. സിഗ് സാഗ് മാതൃകയിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്പിലെ ക്രമീകരണം. അധ്യാപകര്‍ക്ക് മാസ്‌കും സാനിറ്റെസറും ലഭ്യമാക്കും.

കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം നേരത്തെ ആരംഭിക്കുന്നതിനാല്‍ ഫല പ്രസിദ്ധീകരണം വൈകില്ല. ജൂണ്‍ 15ന് മുമ്പ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും

Related Articles

Leave a Reply

Back to top button