കക്കാടംപൊയിൽ ഇക്കോടൂറിസം സെന്ററാക്കി വികസിപ്പിക്കാൻ ധാരണ

തിരുവമ്പാടി : വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിൽ നായാടംപൊയിൽ കുരിശുമല ഇക്കോടൂറിസം സെന്ററായി വികസിപ്പിക്കുന്നതിന് ധാരണയായി. വനംവകുപ്പും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്ത അവലോകനയോഗത്തിനുശേഷം സ്ഥലം സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇക്കോ ടൂറിസം പദ്ധതി പ്രദേശവാസികൾക്ക് വരുമാനമാർഗംകൂടി തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കോടൂറിസത്തിന്റെ വിശദപദ്ധതിരേഖ തയ്യാറാക്കാനും കക്കാടംപൊയിലിൽ ലഭ്യമായ റവന്യൂഭൂമിയിൽ ഭാവിയിൽ ഫ്ലവർവാലി നിർമിക്കാനും യോഗത്തിൽ തീരുമാനിച്ചു.
അവലോകനയോഗത്തിൽ കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെറീന റോയ്, വാർഡ് മെമ്പറായ സീനാ ബിജു, ബാബു മുട്ടോളി, നോർത്തേൺ സർക്കിൾ സിസിഎഫ് കെ. ദീപ, നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക്, എഡിസിഎഫ് മിഥുൻ മോഹനൻ, കോഴിക്കോട് ഡിഎഫ്ഒ യു. ആഷിക് അലി, ഫാ. ഡാന്റിസ്റ്റ് കിഴക്കാരക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.