വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവമ്പാടി ഗവ. ഐടിഐ വിദ്യാർഥി ആനക്കാംപൊയിൽ ഓലിയാങ്കൽ വീട്ടിൽ സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേസിൽ നേരത്തേ അത്‌ലറ്റിക് കോച്ച് ടോമി ചെറിയാൻ (59), സഹപരിശീലകനായിരുന്ന കെ.ആർ. സുജിത് (27) എന്നിവർ അറസ്റ്റിലായിരുന്നു. ടോമിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്ത സുജിതിന് ചിത്രങ്ങൾ അയച്ചുകൊടുത്തത് പെൺകുട്ടിയുടെ സുഹൃത്തായിരുന്ന സഫിൻ ജോസഫാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെയും അറസ്റ്റുചെയ്തിരിക്കുന്നത്. ടോമിയുടെ ശിഷ്യനാണ് സഫിൻ ജോസഫ്.
മാതാവ് താമരശ്ശേരി ഡിവൈഎസ്‍പിക്ക് നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിനെത്തുടർന്നാണ് മൂവരെയും പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെല്ലാം പിടിയിലായിരിക്കുകയാണ്.