നിക്ഷേപങ്ങളിലും സ്റ്റാർട്ടപ്പുകളിലും കേരളത്തിന്റെ വളർച്ച അഭിമാനകരം -മന്ത്രി മുഹമ്മദ് റിയാസ്

മുക്കം : നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറിയതും സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടായതും ഏറെ അഭിമാനകരമായ വളർച്ചയാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മുക്കം കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന ക്രസ്റ്റ് ഗ്ലോബൽ സിറ്റിയുടെ ലോഞ്ചിങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങളുണ്ടായി.
തൊഴിൽമേഖലയിലും കൂടുതൽ സാധ്യതകൾ തുറന്നു. പുതിയ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കാഴ്ചപ്പാടുകളുള്ള പദ്ധതികൾ വരണമെന്നും ക്രസ്റ്റ് ഗ്ലോബൽ സിറ്റി അതിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുക്കം എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി. വസീഫ് അധ്യക്ഷനായി. വെബ്സൈറ്റ് ലോഞ്ചിങ് ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. പി.ടി.എ. റഹീം എംഎൽഎ ബ്രോഷർ പ്രകാശനംചെയ്തു.
മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറി മുക്കം മോയിമോൻ ഹാജി, സി.ടി. റഹീം, ഡോ. മത്തായി, വയലിൽ അബ്ദുള്ളക്കോയ ഹാജി, കുഞ്ഞാലി പാണ്ടികശാല, ഫസൽ, പാലക്കൽ അബൂബക്കർ, എം.എം. അജാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി. വിശ്വനാഥൻ, ഒ. മുഹമ്മദ് ഫസൽ, ഇ. യാക്കൂബ് ഫൈസി, വി.കെ. വിനോദ് എന്നിവർ സംസാരിച്ചു.