Thiruvambady

സർഗാത്മകമിഴിതുറന്ന് ജനചേതന പാഠശാല

തിരുവമ്പാടി : കലയും സംഗീതവും സാഹിത്യവും വിദ്യാഭ്യാസവുമെല്ലാം ലയിച്ചുചേർന്ന് സർഗാത്മകതയുടെ നൂതനവഴികൾ തുറന്ന് ഒരു പാഠശാല. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടക്കുന്ന ജനചേതന പാഠശാല വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറുകയാണ്.
ഒരു കടലാസുപെട്ടിയിൽ സോപ്പുപെട്ടി, പേസ്റ്റിന്റെ കൂട്, എണ്ണ, ബിസ്‌കറ്റ്, ചായപ്പൊടിക്കവറുകൾ തുടങ്ങിയ പാഴ്‌വസ്തുക്കളുമായി ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ രീതിശാസ്ത്രം പരിചയപ്പെടുത്താനെത്തിയ രാമചന്ദ്രൻ കൊടുവള്ളിയെക്കണ്ട് കുട്ടികൾ ആദ്യമൊന്ന്‌ അമ്പരന്നു. എന്നാൽ, പരമ്പരാഗത ടെക്സ്റ്റ്ബുക്കുകളിൽനിന്ന്‌ വ്യതിചലിച്ച് പാഴ്‌വസ്തുക്കളിലേക്ക് പഠനം വഴിമാറിയപ്പോൾ കുട്ടികൾ ആവേശപൂർവം ക്ലാസ് ഏറ്റെടുക്കുന്നകാഴ്ചയാണ് പിന്നീടുകണ്ടത്.

ക്ലാസിലൂടെ നിത്യജീവിതത്തിൽ ആവശ്യമുള്ള 5151 പുതിയവാക്കുകളാണ് പാഴ്‌വസ്തുക്കളിൽനിന്ന്‌ വിദ്യാർഥികൾ കണ്ടെത്തിയതും നിഘണ്ടുവിന്റെ സഹായത്തോടെ അർഥം കണ്ടുപിടിച്ചതും. ഇംഗ്ലീഷ് ഭാഷയെ മെരുക്കാനുള്ള പുതിയൊരു രീതിശാസ്ത്രം ലഭ്യമായതിന്റെ നിർവൃതിയിലാണ് കുട്ടികളും രക്ഷിതാക്കളും. ജനചേതന സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള ആദ്യശില്പശാലയാണ് ഡ്രീം-പഞ്ചദിന സർഗാത്മകപാഠശാല. പാട്ട്, നൃത്തം, നാടകം, അഭിനയം, ചിത്രകല, വാദ്യോപകരണം, എഴുത്ത്, ശാസ്ത്രമാജിക്, ഇംഗ്ളീഷ് ഭാഷാപഠനം തുടങ്ങി വിവിധമേഖലകളിലായി ശിവദാസ് പൊയിൽക്കാവ്, രാമചന്ദ്രൻ കൊടുവള്ളി, കലാമണ്ഡലം സൈലാ സലീഷ്, കെ.ആർ. ബാബു, യു.പി. അബ്ദുൽ നാസർ, വിജീഷ് പരവരി, കരീംദാസ്, ജനചേതന ഡയറക്ടർ ഡോ. ജെയിംസ് പോൾ, പാഠശാലാ ക്രിയേറ്റീവ് ഡയറക്ടർ ഡോ. ടി.കെ. അബ്ബാസ് അലി തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വിവിധസ്കൂളുകളിലെ 44 വിദ്യാർഥികളാണ് പാഠശാലയിലുള്ളത്. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

Related Articles

Leave a Reply

Back to top button