കുടിയേറ്റമേഖലയിൽ കുടിയിറക്കം

തിരുവമ്പാടി: മലബാർ കുടിയേറ്റചരിത്രത്തിന് നൂറ്റാണ്ട് പിന്നിടുമ്പോൾ കാണുന്നത് കുടിയിറങ്ങുന്ന ദയനീയകാഴ്ചകൾ. വന്യമൃഗങ്ങളിൽനിന്ന് രക്ഷതേടി ഉള്ളതും പെറുക്കി കുടുംബങ്ങൾ കുടിയിറങ്ങുകയാണ്. ജീവൽപ്രശ്നത്തിന്റെ, അതിജീവനത്തിന്റെ തീക്ഷ്ണമായ ദശാസന്ധിയിലൂടെയാണ് മലയോരവാസികൾ ഇന്ന് കടന്നുപോകുന്നത്. വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടിയാണ് കുടിയേറ്റജനത മണ്ണിൽ പൊന്നുവിളയിച്ചിരുന്നത്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലങ്ങളെ കഠിനാധ്വാനത്തിലൂടെ അതിജയിച്ച ജനത പ്രാണഭയത്താൽ മലയിറങ്ങുന്ന കാഴ്ചകളാണ് വനാതിർത്തിപ്രദേശങ്ങളിൽ.
ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ വീട് ഉപേക്ഷിച്ചിറങ്ങിയത് മുന്നൂറോളം കുടുംബങ്ങളാണ്. തിരുവമ്പാടി പഞ്ചായത്തിലെ മേലെ മുത്തപ്പൻപുഴ, മറിപ്പുഴ, തേൻപാറ, മേലെ പൊന്നാങ്കയം, ഉറുമി, കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട്, കൂരോട്ടുപാറ, തുഷാരഗിരി, വട്ടച്ചിറ, മേലെ മരുതിലാവ്, കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട്, പൂവാറൻതോട്, ആനക്കല്ലുംപാറ കുരിശുമല, കക്കാടംപൊയിൽ, തേനരുവി, താഴെ കക്കാട് അകമ്പുഴ, പെരുമ്പൂള, പനക്കച്ചാൽ, പീടികപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളിലെ കർഷകകുടുംബങ്ങളാണ് വീടുവിട്ടിറങ്ങുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, കരിമ്പ് പ്രദേശങ്ങളിലെ ഏതാണ്ട് 40 വീടുകളും, മേലെ പൊന്നാങ്കയം ഭാഗത്ത് 25 വീടുകളും, ഉറുമിയിൽ 20 വീടുകളും കോടഞ്ചേരി പഞ്ചായത്തിലെ വനാതിർത്തിപ്രദേശങ്ങളിലെ നൂറോളം വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.
കാട്ടാനകൾ, പന്നി, മാൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യമാണ് കുടിയേറ്റനിവാസികളുടെ കുടിയിറക്കത്തിന് കാരണമായിരിക്കുന്നത്. അടുത്തിടെയായി പുലിശല്യവും തുടങ്ങി. വന്യമൃഗശല്യം ജീവനും സ്വത്തിനും ഒരേപോലെ ഭീഷണിയായതോടെ വീടുവിട്ടിറങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്ന് ഇവർ പറയുന്നു. വനംവകുപ്പിന്റെ സൗരോർജവേലികളെല്ലാം തകർത്താണ് കാട്ടാനകളുൾപ്പെടെയുള്ള വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്






