ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞു; മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ

മുക്കം : ശക്തമായ മഴയിൽ ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞതോടെ മലയോരമേഖല വെള്ളപ്പൊക്കഭീതിയിൽ. ശനിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളം നീണ്ടുനിന്നതോടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. വനമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പുഴകളിൽ ജലനിരപ്പുയരുകയാണ്. ഞായറാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിൽ മരംവീണ് പലസ്ഥലങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. പുൽപ്പറമ്പ്-കൂളിമാട് റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
ഞായറാഴ്ച രാത്രി പത്തോടെയുണ്ടായ ശക്തമായ കാറ്റിൽ അഗസ്ത്യൻമുഴി-കുന്ദമംഗലം സംസ്ഥാനപാതയിൽ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിനുമുന്നിലും മാമ്പറ്റയിലും കൂറ്റൻമരങ്ങൾ കടപുഴകിവീണതോടെ ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കുമുകളിലേക്കാണ് പ്രതീക്ഷ സ്പെഷ്യൽ സ്കൂളിനുസമീപത്തെ മരംവീണത്. ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. മുക്കം, വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് മരങ്ങൾ നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. മാമ്പറ്റ തടത്തിൽ സിദ്ധാഥൻ, പുളിയപ്പാറ പ്രഭ്ജ്യോത്, കച്ചേരി കുറ്റിപ്പായി ലക്ഷ്മി എന്നിവരുടെ വീടിനുമുകളിലേക്ക് മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് കേടുപാടുപറ്റി. തടത്തിൽ സിദ്ധാർഥന്റെ വീട്ടുമുറ്റത്തെ ശൗചാലയം പൂർണമായും തകർന്നു.
ശക്തമായ മഴയിൽ ജലനിരപ്പുയർന്നതോടെ വാഴക്കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. പുൽപ്പറമ്പ് ഭാഗത്ത് വാഴക്കൃഷി നടത്തിയ ബാബു മണിമുണ്ടയിൽ, അബൂബക്കർ, അബ്ദുല്ല ചോലക്കൽ, ഹുസ്സൻ പറമ്പാട്ടുമ്മൽ, അബ്ദുറഷീദ് പറമ്പാട്ടുമ്മൽ, അബൂബക്കർ അത്തിക്കോട്ടുമ്മൽ, സക്കീർ അരിപ്പനാടി, സമദ് പാഴൂർ, ജബ്ബാർ ചിറ്റാലിപ്പിലാക്കൽ, ബാബു പൊറ്റശ്ശേരി, സാലിം അമ്പലത്തിങ്ങൽ, ബഷീർ അമ്പലത്തിങ്ങൽ എന്നിവരുടെ വാഴക്കൃഷി വെള്ളംകയറി നശിച്ചു. പുൽപ്പറമ്പിൽ കൃഷിചെയ്തിരുന്ന തണ്ണിമത്തൻ വിളവെടുപ്പ് പൂർത്തിയാകാത്തതിനാൽ വെള്ളംകയറി നശിച്ചു. മഴപെയ്തതോടെ വിപണി നഷ്ടപ്പെട്ട, തണ്ണിമത്തൻ നാട്ടുകാർ സൗജന്യമായി എടുത്തുകൊണ്ടു പോവുകയായിരുന്നു.






