ഓളിക്കലിൽ കാട്ടാനശല്യം തുടരുന്നു; വ്യാപക വിളനാശം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ ഓളിക്കൽ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. ഒരാഴ്ചയായി ഈ പ്രദേശത്ത് രാത്രി സ്ഥിരമായി കാട്ടാനയെത്തുന്നു.വ്യാപകമായി കൃഷി നശിപ്പിച്ചാണ് തിരിച്ചുപോകുന്നത്. ജെയ്‌സൺ മേനംമൂട്ടിൽ, സിജോ മങ്ങാട്ട്, രാധാമണി പട്ടാപുരയിടത്തിൽ, അനൂപ് ഇടിമിനാംപൊയ്കയിൽ, യൂനസ് വില്ലൻ, ജോസ് വടക്കേപടവിൽ, സലാം തുടങ്ങിയ കർഷകരുടെ തെങ്ങ്, പ്ലാവ്, വാഴ, ജാതി, കൊക്കോ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
കൃഷിയെമാത്രം ആശ്രയിച്ചുജീവിക്കുന്ന കർഷകകുടുംബങ്ങളാണ് ഈ ഭാഗങ്ങളിൽ ഏറെയും. മഴക്കെടുതിക്കൊപ്പം കാട്ടാനശല്യവും രൂക്ഷമായത് ഒട്ടേറെ കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ജനവാസമേഖലയിലാണ് കാട്ടാനയുടെ വിളയാട്ടം.
വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിന് കീഴിലുള്ള നായർകൊല്ലി സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താൻ, വനംവകുപ്പ് ദ്രുതകർമസേനയുടെ നിരീക്ഷണം ഊർജിതപ്പെടുത്തണമെന്ന്, ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പർ റോബർട്ട് നെല്ലിക്കത്തെരുവിൽ ആവശ്യപ്പെട്ടു.







