ചുള്ളികം പുനരധിവാസ പദ്ധതി വീടിന്റെ തറയ്ക്ക് വിള്ളൽ

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാൽ പീലിക്കുന്ന് ചുള്ളിയകം ഉന്നതി കേന്ദ്രത്തിലെ വീടിന്റെ തറയ്ക്ക് വിള്ളൽ.
ആദിവാസി മൂപ്പൻ പൊതോത്ത് ചെറിയ കേലന്റെ വീടിന്റെ പുറകുവശത്താണ് തറ വിണ്ടുകീറിയത്. ഒരുവശത്തായി രണ്ടിടത്താണ് നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്.
രണ്ടുവർഷമായിട്ടും പൂർത്തിയാകാത്ത സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽപ്പെട്ട് ദുരിതജീവിതം തള്ളിനീക്കുകയാണ് ആദിവാസികുടുംബങ്ങൾ. കെട്ടിടനിർമാണം പൂർത്തിയായെങ്കിലും ഒട്ടേറെ വീടുകളുടെ വയറിങ്, ഫർണിച്ചർ പ്രവൃത്തികൾ ഉൾപ്പെടെ ബാക്കിനിൽക്കുന്നു. ഏതാനും വീടുകളുടെ ചുമരുകളും നേരത്തേ വിണ്ടുകീറിയനിലയിലാണ്.
ഭവനനിർമാണപദ്ധതി പൂർത്തിയായിട്ടില്ലെങ്കിലും ഊര് മൂപ്പൻ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾ ഇവിടെ താമസംതുടങ്ങിയിട്ടുണ്ട്. കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങി പ്രാഥമികസൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതജീവിതം തള്ളിനീക്കുകയാണിവർ. 2018-ലെ പ്രളയസമയത്ത് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് ചുള്ളിയകത്തെ ആദിവാസികുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അന്നത്തെ കളക്ടർ ഉത്തരവിട്ടത്. 17 കുടുംബങ്ങൾക്കാണ് ഇവിടെ വീടൊരുങ്ങുന്നത്.