Mukkam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബൈപ്പാസിൽ ഇരുമ്പുകമ്പിക്കെണിയുണ്ട്

മുക്കം : മുക്കം നഗരത്തിൽ കാൽനട-വാഹന യാത്രക്കാർക്ക് ഭീഷണിയായി ബൈപ്പാസിലെ ഇരുമ്പുകമ്പിക്കെണി. മുക്കം ബസ്‌സ്റ്റാൻഡ്-കാരശ്ശേരി സഹകരണബാങ്ക് ബൈപ്പാസിലാണ് യാത്രക്കാർക്ക് ഭീഷണിയുയർത്തി റോഡിനുനടുവിൽ ഇരുമ്പുകമ്പികൾ ഉയർന്നുനിൽക്കുന്നത്. കോൺക്രീറ്റ് റോഡ് തകർന്ന്, കോൺക്രീറ്റിനുള്ളിലെ കമ്പി പുറത്തേക്കുചാടിയതോടെയാണ് കമ്പികൾ യാത്രക്കാർക്ക് വിനയായത്.

മുക്കം ഗ്രാമപ്പഞ്ചായത്തായിരിക്കെ, 2002-ലാണ് ഈ റോഡ് കോൺക്രീറ്റുചെയ്തത്. ടാറിങ് നടത്തി മാസങ്ങൾക്കകം റോഡ് തകർന്നതോടെയാണ് ഈ റോഡ് കോൺക്രീറ്റുചെയ്ത് നവീകരിച്ചത്.സംസ്ഥാനപാതയിൽനിന്ന് കയറി മുക്കം പുതിയ ബസ്‌സ്റ്റാൻഡിലേക്കും പഴയസ്റ്റാൻഡിലേക്കും തിരിയുന്ന ഭാഗത്താണ് റോഡ് തകർന്ന് കമ്പി പുറത്തുചാടിയത്. റോഡിന് രണ്ടുപതിറ്റാണ്ടിലേറെ പഴക്കമായെങ്കിലും ഈ ഭാഗത്തുമാത്രമേ റോഡ് തകർന്നിട്ടുള്ളൂ.ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും പ്രതിദിനം കടന്നുപോകുന്ന റോഡാണിത്.

കോൺക്രീറ്റിനുള്ളിലെ കമ്പി റോഡിനുനടുവിൽ ഉയർന്നുനിൽക്കാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷയുൾപ്പെടെ ഒട്ടേറെ വാഹനങ്ങളുടെ ടയറാണ് കമ്പികയറി കേടായത്. രാത്രിസമയങ്ങളിൽ കമ്പിയിൽ കാൽതട്ടി കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പഴകിയ കമ്പിയായതിനാൽ മുറിവേൽക്കുന്ന ആളുകൾ ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കേണ്ട സാഹചര്യവുമുണ്ട്. എത്രയുംപെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി അപകടഭീഷണി ഒഴിവാക്കണമെന്ന് വ്യാപാരികളും ഡ്രൈവർമാരും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button