ഈങ്ങാപ്പുഴയിലെ സ്കൂളിൽ എംഎസ്എഫ് പ്രതിഷേധം

പുതുപ്പാടി : മുഹമ്മദ് ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരിൽ രണ്ട് വിദ്യാർഥികൾക്ക് പുതുപ്പാടി ഈങ്ങാപ്പുഴ എംജിഎം എച്ച്എസ്എസിൽ പ്ലസ് വൺ പ്രവേശനം നൽകിയതിനെതിരേ പ്രതിഷേധവുമായി എംഎസ്എഫ്. പുതുപ്പാടി പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതേമുക്കാലോടെ സ്കൂളിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകർ സ്കൂളിനകത്ത് കയറിയും ഓഫീസിന് മുന്നിൽ സംഘടിച്ച് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
ഇതിനിടെ പ്രതിഷേധവുമായി പ്രദേശവാസികളായ ഏതാനും രക്ഷിതാക്കളും രംഗത്തെത്തി. കുറ്റാരോപിതരിൽ രണ്ട് വിദ്യാർഥികൾക്ക് മൂന്നാം അലോട്മെന്റിലാണ് എംജിഎം ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ പ്രവേശനം ലഭിച്ചത്. ഈ വിദ്യാർഥികൾ വ്യാഴാഴ്ച സ്കൂളിൽ ഹാജരായിരുന്നില്ല.എസ്‌ഐ അൻവർഷായുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് സ്കൂൾ കോമ്പൗണ്ടിന് പുറത്താക്കുകയായിരുന്നു.സമരവുമായി ബന്ധപ്പെട്ട് സുനീർ, ഷുഹൈബ്, ഷംനാദ്, ഫുവാദ്, അലി മണൽവയൽ, അർഷിദ് എന്നീ ആറുപേരുടെയും കണ്ടാലറിയാവുന്ന പത്തോളം എംഎസ്എഫ് പ്രവർത്തകരുടെയും പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു.