Thiruvambady

പുലിഭീതിയൊഴിയാതെ പൂവാറൻതോട്: വളർത്തുനായകളെ കൊന്നു

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിൽ പുലിഭീതിയൊഴിയുന്നില്ല. പുലി സ്വൈരവിഹാരം നടത്താൻതുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടിട്ടും പിടികൂടിയില്ല. ഏഴ് വളർത്തുനായകളെയാണ് കഴിഞ്ഞദിവസം പുലി കൊന്നത്. പുതുപ്പറമ്പിൽ ഓമനയുടെ മൂന്ന് നായകളെയും നെല്ലിക്കൽ ലൂക്കോസിന്റെ രണ്ട് നായകളെയും ചുരണിയിൽ രമണി, എത്തിലിൽ ബിജു എന്നിവരുടെ നായകളെയാണ് പിടിച്ചുകൊണ്ടുപോയത്.

കല്ലംപുല്ല്, ഓടപ്പൊയിൽ ഭാഗത്താണ് പുലിയുടെ സാന്നിധ്യം. കാരയ്ക്കാട്ടിൽ മറിയാമ്മ കഴിഞ്ഞദിവസം പുലിയെ നേരിൽക്കണ്ടു. രണ്ടാഴ്ചമുൻപ് മണ്ണാർപൊയിൽ ഭാഗത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞമാസം വിലങ്ങുപാറ ബാബുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത് സിസിടിവി ക്യാമറയിൽ ദൃശ്യമായിരുന്നു. ജനവാസമേഖലയിലെ പുലിയുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതിപടർത്തിയിരിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. കാട്ടാനശല്യവും രൂക്ഷമായിരിക്കുകയാണ്.

കോട്ടാല സുലേഖ, മമ്പാട്ട് സുബ്രഹ്മണ്യൻ തുടങ്ങി ഒട്ടേറെപ്പേരുടെ കൃഷി ഒറ്റയാൻ നശിപ്പിച്ചു. മണ്ണാർപൊയിൽ വനമേഖലയോടുചേർന്ന പ്രദേശമാണിത്. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ ജനം ഭയപ്പെടുകയാണെന്നും വനംവകുപ്പ് മുഴുവൻസമയ നിരീക്ഷണം ഊർജിതപ്പെടുത്തണമെന്നും ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ എൽസമ്മ ജോർജ് ആവശ്യപ്പെട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ, നായർകൊല്ലി സെക്‌ഷൻ ഓഫീസർ കെ. മണി എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button