പാതിവഴിയിൽ നിലച്ച മുക്കം പോലീസ് സ്റ്റേഷന്റെ നിർമാണം എന്ന് പൂർത്തിയാകും

മുക്കം : തറകൾ പൊട്ടിപ്പൊളിഞ്ഞു, ചുമരുകൾ വിണ്ടുകീറിപ്പൊട്ടി. നിന്നുതിരിയാൻ സ്ഥലമില്ലാത്ത മുറികളിലേതുൾപ്പെടെ എല്ലായിടത്തും സീലിങ് അടർന്നുവീണുകൊണ്ടിരിക്കുന്നു. ഓരോതവണ കോൺക്രീറ്റ് മേൽക്കൂര അടർന്നുവീഴുമ്പോഴും പോലീസുകാരും പരാതിനൽകാനെത്തുന്നവരും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. വിശ്രമമുറി ഉൾപ്പെടെയുള്ളവ ചോർന്നൊലിക്കുന്ന നിലയിലാണ്. മുക്കം പോലീസ് സ്റ്റേഷന്റെ അവസ്ഥകണ്ടാൽ ആരുമൊന്ന് ഞെട്ടും.
പുറമേനിന്ന് കാണുന്ന മോടിയൊന്നും നാലുപതിറ്റാണ്ട് പിന്നിട്ട സ്റ്റേഷനകത്തില്ല. സ്റ്റേഷന് പുറത്താകട്ടെ കാടുമൂടി ഭീതിജനകമായ സ്ഥിതിയിലാണ്. അഞ്ചുകോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം നിലച്ചതാണ് വലിയപ്രതിസന്ധി. പുതിയ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കുന്നത് വൈകുന്നതിനനുസരിച്ച് പഴയ കെട്ടിടത്തിലെ ജോലി പോലീസുകാർക്ക് തീരാദുരിതമാവുകയാണ്.
സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാമായിരുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണമാണ് സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിലച്ചത്. സ്റ്റേഷൻ നിർമാണത്തിന് ആഭ്യന്തരവകുപ്പ് അനുവദിച്ചിരുന്ന തുക സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് സർക്കാർ പിൻവലിച്ചതാണ് വിനയായത്. ഇതോടെ, പുതുതായി നിർമിച്ച കെട്ടിടം കാടുമൂടിയ അവസ്ഥയിലാണ്.







