മലബാർ റിവർ ഫെസ്റ്റിവൽ ആവേശമായി ചൂണ്ടയിടൽ മത്സരം

തിരുവമ്പാടി : 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി പെരുമാലിപ്പടി ലെയ്ക്ക് വ്യൂ ഫാം സ്റ്റേയിൽ നടന്ന ചൂണ്ടയിടൽ മത്സരം നാടിന് ആവേശമായി. മലപ്പുറം ജില്ലയിൽനിന്നടക്കം സ്കൂൾ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറോളംപേർ പങ്കെടുത്ത മത്സരത്തിൽ മുക്കം അഗസ്ത്യൻമുഴി സ്വദേശി കെ. നിധിൻ ഒന്നാംസമ്മാനം നേടി. മൂവായിരംരൂപയും മൂന്നുകിലോ മത്സ്യവുമാണ് സമ്മാനം. പെരുമാലിപ്പടിക്കാരൻ ജോളി അബ്രഹാമിനാണ് രണ്ടാംസ്ഥാനം.
മൂന്നാംസമ്മാനം കൂടരഞ്ഞി സ്വദേശി റിഷാലിനാണ്. ഏറ്റവും കൂടുതൽ മീനുകളെ പിടിച്ചതിനുള്ള സമ്മാനം മുക്കം പെരുമ്പടപ്പ് സ്വദേശി വിനോദിനാണ്. കേരളത്തിനകത്തും പുറത്തുമടക്കം ചൂണ്ടയിടൽ മത്സരത്തിന് സ്ഥിരമായി പങ്കെടുക്കാറുണ്ട് ഇയാൾ. ഏറ്റവും വലിയ മത്സ്യത്തെ പിടിച്ചയാൾക്കുള്ള പ്രത്യേക സമ്മാനത്തിന് പെരുമാലിപ്പടി ഷിബിൻ അർഹനായി. മത്സരം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ്, ലിസി അബ്രഹാം, അപ്പു കോട്ടയിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് റജി മത്തായി, റോട്ടറി ഡിസ്ട്രിക്ട് ഓഫീസർമാരായ ഡോ. സന്തോഷ്, ഡോ. ബെസ്റ്റി ജോസ്, ബനീറ്റോ ചാക്കോ, പോൾസൺ അറക്കൽ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബുമായി സഹകരിച്ചാണ് ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്.






