Thiruvambady

മലയോരത്ത് കനത്തമഴ തുടരുന്നു; കെടുതികളും

തിരുവമ്പാടി : ശനിയാഴ്ച പുലർച്ചെ ആഞ്ഞുവീശിയടിച്ച ചുഴലിക്കാറ്റിന് പിന്നാലെ മലയോരത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വൻമരങ്ങൾ കടപുഴകിവീണ് വീടുകൾക്കും മറ്റും വൻനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. തിരുവമ്പാടി ഇരുമ്പകം വയലാമണ്ണിൽ ബിജോയ് ജേക്കബിന്റെ വീടിനുമുകളിൽ മരംവീണ് വൻനാശനഷ്ടമുണ്ടായി. വീട് ഭാഗികമായി തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബിജോയിയുടെ ഓട്ടോറിക്ഷയ്ക്കു മുകളിലും മരംവീണു. വണ്ടി ഭാഗികമായി തകർന്നു. തിരുവമ്പാടി അങ്ങാടിയിലെ ഓട്ടോഡ്രൈവറാണ്. ഉപജീവനമാർഗമാണ് അടഞ്ഞത്.

നെല്ലാനിച്ചാൽ അഴകത്ത് ബോണി ജേക്കബിന്റെ വീടിനുമുകളിൽ മരംവീണു. ടെറസിലേക്കാണ് മരം പതിച്ചത്. സമീപത്തെ ഷെഡ് തകർന്നു. വീടിന്റെ ജനൽഗ്ലാസ് പൊട്ടി. തുടർച്ചയായിപെയ്യുന്ന കനത്തമഴയിൽ മലയോരത്ത് വ്യാപക കൃഷിനാശവുമുണ്ടായി. റോഡരികിലെ മരങ്ങൾ മുറിഞ്ഞുവീണു ഗതാഗതംസ്തംഭിച്ചു. വൈദ്യുതക്കമ്പികളിൽ മരശിഖരങ്ങൾ പൊട്ടിവീണു ഗ്രാമങ്ങൾ ഇരുട്ടിലായി. വൈദ്യുതക്കമ്പികൾ വ്യാപകമായി മുറിഞ്ഞുവീണു. വൈദ്യുതത്തൂണുകൾ തകർന്നു കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. മഴക്കെടുതി നാശംവരുത്തിയ പ്രദേശങ്ങൾ ലിന്റോ ജോസഫ് എംഎൽഎ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ തുടങ്ങിയവർ സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button