സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം; പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസമേഖല സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
പരീക്ഷ നടത്തിപ്പിൽ കേരളം ഇന്ന് നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തോത് കണക്കാക്കി നിലപാട് അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു.
പ്ലസ് ടു പരീക്ഷ കോവിഡ് കാലത്തും വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ അനുഭവസമ്പത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും മുതല്‍ക്കൂട്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. അതേസമയം ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ അറിയിക്കും. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും. അതിനാല്‍ കേരളത്തില്‍ ആ കാലയളവില്‍ പ്ലസ് വണ്‍ വിഷയങ്ങളില്‍ എഴുത്തുപരീക്ഷ നടത്തുന്നതില്‍ തെറ്റില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാൽ കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.







