MukkamThiruvambady

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് നിവേദനം നൽകി

മുക്കം: മലയോര കാർഷിക മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുവാൻ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് വയനാട് എം.പി രാഹുൽ ഗാന്ധിക്ക് നിവേദനം സമർപ്പിച്ചു. കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ്, യു.ഡി.എഫ് കൺവെൻഷൻ എന്നിവയ്ക്കായി എം.പി മുക്കത്ത് എത്തിയപ്പോളാണ് നിവേദനം നൽകിയത്.

കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, വന്യമൃഗ ശല്യം, ബഫർ സോൺ വിഷയങ്ങൾ, വനം വകുപ്പിന്റെ അനധികൃത ജണ്ട കെട്ടൽ, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന ജപ്തി തുടങ്ങിയ വിഷയങ്ങളും കർഷകർക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികളായ നഷ്ടപരിഹാരം, താങ്ങുവില, സംഭരണം, സബ്‌സിഡി തുടങ്ങിയ സഹായങ്ങൾ ലഭ്യമാക്കാത്തതും ചൂണ്ടിക്കാട്ടി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പരിപാടിയുടെ ഭാഗമായുള്ള പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയ എം.പി നിവേദനം കൈപ്പറ്റുകയും വിഷയത്തിന്റെ ഗൗരവം മനസിലാക്കി തിരികെയെത്തി വേദിയിൽ മറുപടി നൽകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും കർഷകരുടെ പ്രശ്നങ്ങൾ പാർലമെൻറിൽ ഉന്നയിക്കുന്നതോടൊപ്പം തന്നെക്കൊണ്ട് ആവുന്ന സഹായങ്ങൾ ചെയ്യുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

Related Articles

Leave a Reply

Back to top button